പാതിരാത്രി ഇരച്ചെത്തി വെള്ളം; ഓടി രക്ഷപ്പെട്ട് നാട്ടുകാർ; ദുരിതം

ദുരിതാനുഭവങ്ങളുടെയും അവഗണനയുടെയും തുടർച്ചയിൽ കൊച്ചി താന്തോണിത്തുരുത്തിലെ നാട്ടുകാർ. പുലർച്ചെ ഒരു മണിയോടെയുണ്ടായ വേലിയേറ്റത്തിൽ വെള്ളം കയറിയ തുരുത്തിൽനിന്ന് അറുപതിലധികം കുടുംബങ്ങൾ  വള്ളങ്ങളിൽ രക്ഷപെട്ടു. കൊച്ചി നഗരത്തിൽ നിന്ന് കേവലം 350മീറ്റർ മാറിയുള്ള താന്തോണിത്തുരുത്തിലേക്ക്  തിരഞ്ഞെടുപ്പ് കാലത്ത് മാത്രമെത്തുന്ന രാഷ്ട്രീയക്കാർക്കെതിരെ രോഷംകൊള്ളുകയാണ് നാട്ടുകാർ.

കൊച്ചി സുഖമായി ഉറങ്ങിയപ്പോൾ വേലിയേറ്റത്തിൽ വീട്ടിലേക്ക് ഇരച്ചെത്തിയ വെള്ളത്തിൽനിന്ന് കുട്ടികളെയും വാരിയെടുത്ത് ജീവനും കൊണ്ടോടുകയായിരുന്നു താന്തോണിത്തുരുത്തുകാർ. വള്ളങ്ങളിൽ പുലർച്ചെയാണ് ജിഡയുടെ ഓഫീസ് പോർച്ചിലേക്ക് നൂറിലധികം പേർ എത്തിയത്. പാലവും റോഡും അടക്കം തുരുത്തിന്റെ പ്രായത്തോളംപോന്ന ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച  തിരഞ്ഞെടുപ്പ് കാലത്ത് മാത്രം തല കാണിക്കുന്ന രാഷ്ട്രീയക്കാരോടുള്ള കെട്ടടങ്ങാത്ത ദേഷ്യം തുറന്നു പറഞ്ഞു. 

വേലിയിറക്കമായെങ്കിലും ആശ്വാസത്തിന് വകയില്ലാതെയാണ് വീടുകളിലേക്ക് ഇവർ തിരിച്ചെത്തുക. അടിസ്ഥാന സൗകര്യങ്ങളില്ലാതഞ ജീവിതം ദുസഹമായതോടെ പലരും തുരുത്തുവിട്ടു. നിലവിൽ 61 കുടുംബങ്ങളിലായി മുന്നൂറോളം താമസക്കാരാണുള്ളത്. നൂറ്റിയറുപതിൽപരംപേർക്കാണ് വോട്ടവകാശം.  സ്മാർട്ടാകുന്ന കൊച്ചി നഗരസഭയുടെ എഴുപത്തിനാലാം വാർഡ് കൂടിയായ താന്തോണിത്തുരത്ത് പക്ഷേ വികസനഭൂപടത്തിൽ എവിടെയുമില്ല. വഞ്ചികൾ കൊണ്ട് കൊച്ചിയിലേക്ക് പാലം തീർത്ത് ഒരാഴ്ച മുൻപുവരെയും സമരം ചെയ്തവരാണ് ഈ നാട്ടുകാർ.