കന്നിയങ്കത്തിന് കൊട്ടിക്കയറി തിമില കലാകാരൻ; വടക്കാഞ്ചേരി നഗരസഭയിൽ സ്ഥാനാർത്ഥി

തിമില കലാകാരനായ കെ.ഗോപാലകൃഷ്ണന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലേക്കാണ് കന്നിമല്‍സരം. 

കേരളമൊട്ടും പഞ്ചവാദ്യ വിസ്മയം തീര്‍ക്കാന്‍ കെ.ഗോപാലകൃഷ്ണന്‍ പോയിട്ടുണ്ട്. വാദ്യകലാകാരന്‍മാരില്‍ പ്രശസ്തനാണ്. തിമിലയില്‍ പേരെടുത്ത കാലാകാരന്‍. ഇത്തവണ ഗോപാലകൃഷ്ണന്‍ കൊട്ടിക്കയറുന്നത് തിരഞ്ഞെടുപ്പ് ഗോദയിലേക്കാണ്. തിമിലയില്‍ തീര്‍ക്കുന്ന അതേവിസമയം, രാഷ്ട്രീയ അങ്കത്തട്ടിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ടിക്കറ്റിലാണ് മല്‍സരം. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ്. പൊതുപ്രവര്‍ത്തനം നേരത്തെ ഉണ്ടായിരുന്നു. മുമ്പും തിരഞ്ഞെടുപ്പിലിറങ്ങാന്‍ ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. അന്നൊന്നും സമ്മതംമൂളിയില്ല. അന്‍പത്തിരണ്ടാം വയസില്‍ മല്‍സരിക്കാന്‍ തീരുമാനമെടുത്തു. 

കേളത്ത് കുട്ടപ്പന്‍ മാരാരുടേയും അന്നമനട പരമേശ്വരമാരാരുടേയും ശിഷ്യനാണ്. കോവിഡ് കാലത്ത് മേളം കലാകാരന്‍മാരെ സഹായിക്കാതെ സര്‍ക്കാര്‍ തഴഞ്ഞതിന്റെ പ്രതിഷേധം കൂടിയുണ്ട് സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍.