നാറാത്ത് ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫ്.‍; വാശിയേറിയ മല്‍സരം

എല്‍ഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തിലെത്തുന്ന പഞ്ചായത്താണ് കണ്ണൂരിലെ നാറാത്ത്. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്‍റെ പ്രചാരണം. ഭരണം തിരിച്ചുപിടിക്കാന്‍ ശക്തമായ മത്സരവുമായി യുഡിഎഫും രംഗത്തുണ്ട്.

എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സ്വാധീനമുള്ള പഞ്ചായത്താണ് നാറാത്ത്. നെല്‍കൃഷി നാല്‍പതില്‍ നിന്ന് എണ്‍പതു ഹെക്ടറിലേക്ക് ഉയര്‍ത്തി. കണ്ണാടിപ്പറമ്പില്‍ രണ്ടാമത്തെ മാവേലി സ്റ്റോര്‍ ആരംഭിച്ചു. കമ്പില്‍ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും പുല്ലൂപ്പി അങ്കണവാടിക്ക് പുതിയ കെട്ടിടവും നിര്‍മിച്ചു. വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. എല്‍ഡിഎഫ് ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. 

കഴിഞ്ഞ അഞ്ചു വര്‍ഷം വികസന പദ്ധതികള്‍ ഒന്നും നടപ്പാക്കിയില്ലെന്ന് യുഡിഎഫ് പറയുന്നു. വയലുകള്‍ മിക്കതും തരിശായി തന്നെ കിടക്കുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ല. അജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളില്ല. അധികാരത്തിലെത്തിയാല്‍ ഇതിനെല്ലാം പരിഹാരമാകുമെന്ന് യുഡിഎഫ്. ആകെയുള്ള പതിനേഴില്‍ എല്‍ഡിഎഫ് പത്തും യുഡിഎഫ് ഏഴും സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത്. ബിജെപിയും എസ് ഡി പി ഐയും മത്സരരംഗത്തുണ്ട്.