ചുവട് മുറിഞ്ഞ മരം ജീവൻ എടുത്തു; ദാരുണാന്ത്യം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍; കണ്ണീര്‍ക്കാഴ്ച

പാറശാല: കരുതിവച്ചതു പോലെ‍ാരു ദുരന്തം ആയിരുന്നു നിയുക്ത സ്ഥാനാർഥി കെ.ഗിരിജകുമാരിയുടെ ജീവൻ അപഹരിച്ചത്. ചുവട് മുറിഞ്ഞ മരം പാഞ്ഞെത്തിയത് തന്റെ ജീവൻ എടുക്കാൻ ആണെന്ന് തിരിച്ചറിയാതെ അപ്പോഴും ഇടവഴിയിലൂടെ മുന്നോട്ട് നടക്കുകയായിരുന്നു അവർ. വഴിയുടെ എതിർ ദിശയിലേക്കു മരം വലിച്ചിടാൻ കയർ കെട്ടിയിരുന്ന ഉറപ്പിൽ ആയിരുന്നു യാത്ര ചെയ്തത്. 

പ്രതീക്ഷയ്ക്കു വിപരീതമായി മരം എതിർ ദിശയിലേക്ക് ചരിഞ്ഞ് ഗിരിജകുമാരിയുടെ തലയിൽ തന്നെ പതിച്ചു. മരത്തിന്റെ അഗ്രഭാഗം കെ‍ാണ്ടുള്ള അടിയിൽ തല തകർന്നതാണ് മരണത്തിന് ഇടയാക്കിയത്. അൽപം കൂടി മാറിയെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. 

മരം ദിശ തെറ്റി വരുന്നത് കണ്ട് മാറാൻ ചിലർ വിളിച്ച് പറഞ്ഞെങ്കിലും ഞെ‍ാടിയിടയിൽ എല്ലാം കഴിഞ്ഞു. നിമിഷങ്ങൾക്കു മുൻപു വരെ ഒപ്പം ഉണ്ടായിരുന്ന ഭാര്യ വിട്ടു പോയെന്ന സത്യം ഭർത്താവ് ബിനുനാഥ് അടക്കം ദുരന്തം നേരിൽ കണ്ട ആർക്കും ആദ്യം ഉൾകെ‍ാള്ളാനായില്ല. ഭാര്യയുടെ ചേതനയറ്റ മൃതദേഹം നോക്കിയുള്ള ഭർത്താവിന്റെ വിലാപം അപകട വിവരം അറിഞ്ഞ് എത്തിയവർക്ക് ഹൃദയം നുറുങ്ങുന്ന വേദനയായി. സീറ്റ് ഉറപ്പായതോടെ രണ്ട് ദിവസം മുൻപാണ് ഗിരിജകുമാരി പ്രചാരണം ആരംഭിച്ചത്. ഇന്നലെ രാവിലെ 11.00 മണിയോടെ ആണ് ഇരുവരും പ്രചാരണത്തിന് വീട്ടിൽ നിന്ന് പുറപ്പെട്ടത്. 

ബൈക്കിൽ പുല്ലുവറ്റിയിൽ എത്തി വിജയമ്മ, പെ‍ാന്നുമണി എന്നിവരുടെ വീടുകളിൽ വോട്ട് അഭ്യർഥിച്ച ശേഷം ബിനുനാഥ് മുൻപേ റോഡിലേക്ക് നടന്നു.  വീട്ടുകാരുമായി സംസാരിച്ച് അൽപം വൈകി ഇറങ്ങി അപകടത്തിലേക്ക് നടന്ന് അടുക്കുകയായിരുന്നു. ആറ് വർഷമായി കാരോട് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ചെയർപഴ്സൻ ആണ്  ഗിരിജകുമാരി. ഏറെ ആഗ്രഹിച്ചിരുന്ന വാർഡ് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു കുടുംബം. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ വിപുലമായ സുഹൃത്ത് ബന്ധങ്ങളുള്ള ഗിരിജകുമാരിയുടെ ജയം ഏവരും ഉറപ്പിച്ച സാഹചര്യത്തിൽ എത്തിയ ദുരന്തം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി.