തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് 16, യുഡിഎഫിന് 13; ഭരണമാറ്റമില്ല

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്. മൂന്ന് ഡിവിഷനുകള്‍ പിടിച്ചെടുത്ത എല്‍ഡിഎഫ് 16 സീറ്റ് നേടി. രണ്ട് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് പതിമൂന്ന് സീറ്റില്‍ വിജയിച്ചു. ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡില്‍ ബിജെപി ഒരു വോട്ടിന് ജയിച്ചു. ഒരിടത്തും ഭരണമാറ്റമില്ല. ഇരിങ്ങാലക്കുട നഗരസഭ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി.

കോട്ടയം കാണക്കാരി, തിരുവനന്തപുരം വിതുര, കണ്ണൂര്‍ എരുവേശി എന്നീ വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.  കൊച്ചി ഗാന്ധിനഗര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ വെട്ടുകാട്, പോത്തന്‍കോട് വാര്‍ഡ്, പാലക്കാട് ഓങ്ങല്ലൂര്‍ കര്‍ക്കിടകച്ചാല്‍, തരൂര്‍ ഒന്നാം വാര്‍ഡ്, കോഴിക്കോട് നന്മണ്ട, കൂടരഞ്ഞി കൂമ്പാറ, പോത്തന്‍കോട് ബ്ലോക്ക് ഡിവിഷന്‍, പിറവം ഇടപ്പള്ളിച്ചിറ, ചിറയിന്‍കീല് ഇടക്കോട്, കുഴല്‍മന്ദം ചുങ്കമന്ദം, എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി.

തൃശൂര്‍ കടപ്പുറം ലൈറ്റ് ഹൈസ്, കൊല്ലം തേവലക്കര നടുവിലക്കര വാര്‍ഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്ത സീറ്റുകള്‍. മലപ്പുറം തിരുവാലി, കോട്ടയം മാഞ്ഞൂര്‍, ഇടുക്കി രാജാക്കാട്, കാസര്‍കോട് നഗരസഭ മുപ്പതാം വാര്‍ഡ്, മലപ്പുറത്ത് തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകള്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു. ഇടുക്കിയില്‍ ഗോത്രവര്‍ഗ പഞ്ചായത്തായ  ഇടമലക്കുടി  ഇഡലിപ്പാറ വടക്ക് വാര്‍ഡിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ ബിജെപിയുടെ വിജയം ഒരു വോട്ടിനാണ്.