32 തദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബുധനാഴ്ച

സംസ്ഥാനത്ത് 32 തദേശ വാര്‍ഡുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് ഇന്ന് . രണ്ട് കോര്‍പറേഷന്‍ ഡിവിഷനിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും മൂന്ന് ജില്ലാ പഞ്ചായത്തിലേക്കും,   നാല് ബ്ലോക് ഡിവിഷനുകളിലും , 20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.  കൊച്ചി ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാണ്. പിറവം നഗരസഭയില്‍ യു.ഡി.എഫ് , എല്‍.ഡി.എഫ് അംഗബലം തുല്യമായതിനാല്‍ 14 ാം വാര്‍ഡിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് നഗരസഭ ഭരണം കിട്ടും. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം കിട്ടിയ കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തില്‍ വള്ളിയോട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് ജയം  ഭരണം നിലനിര്‍ത്താന്‍  യു.ഡിഎഫിന് അനിവാര്യമാണ്. അംഗബലത്തില്‍  യു.ഡി.എഫും എല്‍.ഡി.എഫും  തുല്യനിലയിലുളള ഇരിങ്ങാലക്കുട നഗരസഭ  പതിനെട്ടാം ഡിവിഷൻ  ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് ഭരണം നേടാം. തിരുവനന്തപുരം കോർപറേഷനില്‍  നികുതി വെട്ടിപ്പ് വിവാദത്തിന് ശേഷം നടക്കുന്ന  തിരഞ്ഞെടുപ്പ് എന്ന പ്രാധാന്യം വെട്ടുകാട് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.   രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.  വോട്ടെണ്ണല്‍ ബുധനാഴ്ച രാവിെല 10 മണിക്ക് തുടങ്ങും.