പിഎസ്​സി പരീക്ഷ മാറ്റിവയ്ക്കണം; ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കി ഉദ്യോഗാർത്ഥികൾ

അധ്യാപക നിയമനത്തിനുള്ള പി.എസ്.സി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍. നവംബര്‍ രണ്ടുമുതല്‍ ആരംഭിക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്ത്  മൂന്ന് കേന്ദ്രങ്ങളാണുള്ളത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. 

എട്ട് വര്‍ഷത്തിന് ശേഷമാണ് കോളജ് അധ്യാപക നിയമനത്തിന് പി.എസ്.സി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. phdയും പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രിയുമുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് ഇതിനായി അപേക്ഷിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പരീക്ഷ നടത്തുന്ന മലയാളം, ഹിന്ദി, സോഷ്യോളജി, ഇംഗ്ളീഷ്, ഇസ്്്ലാമിക്ക് ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവക്ക് 9854 പേര് അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റ് വിഷയങ്ങളിലെ പരീക്ഷകള്‍ ഡിസംബറിലാവും നടത്തുക. കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടയില്‍ പരീക്ഷ നടത്തരുതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. നിലവില്‍ തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍മാത്രമാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. യാത്രക്കും താമസത്തിനും സൗകര്യം പരിമിതമാണ്. ആരോഗ്യസുരക്ഷ പാലിക്കുക എളുപ്പമാവില്ലെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. രോഗബാധയുള്ളവര്‍ക്കും കണ്‍ണ്ടെന്‌‍മെന്‍ര് സോണിലുള്ളവര്‍ക്കും പരീക്ഷ എഴുതാനുമാവില്ല. 

ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഏകദേശം 3500 അധ്യാപക തസ്തികള്‍ കുറഞ്ഞിട്ടുണ്ട്. പുതുക്കിയ മാനദണ്ഡമനുസരിച്ച് കുറഞ്ഞത് 10 വര്‍ഷത്തേക്കെെങ്കിലും പല വിഷയങ്ങളിലും അധ്യാപക നിയമനം നടക്കാനിടയില്ല. ഇക്കാര്യത്തില്‍ വേണ്ട മാറ്റം കൊണ്ടുവരാതെ പി.എസ്.സി പരീക്ഷ എന്തിനാണെന്നും ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു.