വിളിപ്പേര് അധ്യാപകർ; ജോലി മുട്ടയും മാസ്കും വിൽക്കൽ; അതിജീവനസമരം

അതിജീവന സമരത്തിന് പണം കണ്ടെത്താന്‍ മുട്ടയും മാസ്കും വില്‍ക്കാനിറങ്ങി ഒരുകൂട്ടര്‍. കിട്ടുന്നതില്‍ ഒരു പങ്ക് സമരത്തിനുള്ള പണം കണ്ടെത്തുന്നതിനും നിയമപോരാട്ടങ്ങള്‍ക്കും വിനിയോഗിക്കും. അഞ്ച് വര്‍ഷത്തിലധികമായി ശമ്പളമില്ലാതെ ജീവിതപാഠം പഠിക്കുന്ന ഇവര്‍ക്ക് രേഖകളില്‍ അധ്യാപകരെന്നാണ് വിളിപ്പേര്. 

വഴിയില്‍ തടഞ്ഞ് മുട്ടയും മാസ്കും വാങ്ങാന്‍ ഇവര്‍ ആവശ്യപ്പെടുമ്പോള്‍ പലര്‍ക്കും സംശയം തോന്നാം. ഇവരെങ്ങനെ കലക്ടറേറ്റിന് മുന്നില്‍ കച്ചവടക്കാരായി എന്ന്. അതിജീവനമാണ്. വില്‍പനയ്ക്കിറങ്ങാതെ നിലനില്‍ക്കാനാകില്ലെന്ന അവസ്ഥ. ദൈന്യത കേട്ട് പലരുടെയും മനസലിഞ്ഞു. വിലപേശാതെ സാധനം വാങ്ങി സഹായിച്ചു. അഞ്ച് വര്‍ഷമായി ഒരു രൂപ പോലും ശമ്പളം കിട്ടാത്ത എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ സംഘമാണ് വില്‍പനക്കാരുടെ വേഷമണിഞ്ഞതെന്ന് പിന്നീടറിഞ്ഞപ്പോള്‍ അനുകമ്പ.  

സര്‍ക്കാരിന്റെ ശ്രദ്ധയെത്തണമെന്ന അപേക്ഷയുമായി ഏഴ് ദിവസമായി ഇവര്‍ കലക്ടറേറ്റിന് മുന്നില്‍ സമരത്തിലുണ്ട്. അതേ ആവേശത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കുന്നു. കോവിഡ് അതിജീവനം കഴിഞ്ഞാലും സ്ഥിരനിയമനമെന്ന ഉറപ്പ് കിട്ടാതെ സമരമുഖത്ത് നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് അധ്യാപകര്‍.