നൃത്തപരീക്ഷണങ്ങളില്‍ ശാരദാ തമ്പി; വേറിട്ട ആവിഷ്കാരങ്ങളുടെ ഉടമ

പ്രശസ്ത നര്‍ത്തകി ശാരദാ തമ്പി ഈ കോവിഡ് കാലത്ത് വ്യത്യസ്ത നൃത്തപരീക്ഷണങ്ങളിലാണ്. ടി.എം.കൃഷ്ണയുടെ സംഗീതത്തിന് നൃത്താവിഷ്ക്കാരം നല്‍കിയ നര്‍ത്തകി ഇത്തവണ ഹിന്ദുസ്ഥാനി സംഗീതത്തിനാണ് ചുവടുവെക്കുന്നത്. ശങ്കര്‍മഹാദേവന്‍ ബാന്ദിഷ് ബാന്‍ഡിറ്റ്സ് എന്ന വെബ് സീരീസിനായി ആലപിച്ച ഗാനമാണ് ഭരതനാട്യത്തിലേക്ക് നര്‍ത്തകി മൊഴിമാറ്റം ചെയ്തത്.

വിരഹ് എന്ന തലക്കെട്ടിലുള്ള ഗാനം  ആമസോണ്‍പ്രൈം വെബ്സീരീസിലൂടെ വന്‍പ്രചാരം നേടിയതാണ്. സാഹിത്യം ഒരു രാഗത്തില്‍ ചിട്ടപ്പെടുത്തി നിശ്ചിത താളക്രമങ്ങളില്‍ ആലപിക്കുന്നതിനാണ് ഉത്തരേന്ത്യന്‍ ശാസ്ത്രീയ സംഗീതത്തില്‍ ബാന്ദിഷ് എന്ന് വിളിക്കുന്നത്. താളത്തിന്‍റെ പലകാലങ്ങളിലൂടെ സംഗീതത്തെ പരസ്പരം ബന്ധിപ്പിക്കുന്നതിനാലാണ് പരസ്പരം കെട്ടുക എന്ന അര്‍ഥത്തിലുള്ള ബാന്ദിഷ് എന്ന പേരുവന്നത്. ശങ്കര്‍മഹാദേവനും ടീമിനും ഉള്ള ഉപഹാരം കൂടിയാണ് നൃത്താവിഷ്ക്കാരമെന്നാണ് ശാരദ പറയുന്നത്. 

നൃത്താധ്യാപിക കൂടിയായ ശാരദ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ നൃത്തരൂപങ്ങളില്‍ വിദഗ്ധയാണ്. കോവിഡ് കാലത്തും ഒാണ്‍ലൈനിലൂടെ ക്്ളാസുകള്‍ തുടരുകയാണ്. കൂടാതെ ടി.എം.കൃഷ്ണ, എസ്പിബി എന്നിവരുടെ ഗാനങ്ങള്‍ക്ക് നൃത്താവിഷ്ക്കാരം നല്‍കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടും നൃത്തരംഗത്ത് സജീവമാണ് ശാരദ.