ഡ്രൈവറെ വനപാലകർ മർദിച്ച സംഭവം; പ്രതിഷേധവുമായി ആദിവാസികൾ

കോതമംഗലം കുട്ടമ്പുഴയിൽ വനത്തിനുള്ളിലെ ആദിവാസികോളനീയിലേക്ക് ഓട്ടം പോയ ജീപ്പ് ഡ്രൈവറെ വനപാലകർ മർദ്ദിച്ചതിൽ ആദിവാസികളുടെ പ്രതിഷേധം. കാടിനുള്ളിലെ ഊരുകളിൽ തന്നെയായിരുന്നു പ്രതിഷേധം. ഫോറെസ്റ്റ് റേഞ്ച് ഓഫീസിനുമുന്നിൽ എൽഡിഎഫ് പ്രവർത്തകരും ധർണ നടത്തി. അതിനിടെ ജീപ്പ് ഡ്രൈവർക്കെതിരെ വനപാലകർ കേസെടുത്തു.

കാടിനുള്ളിൽ നിൽപ്പ് സമരമാണ്. നിശബ്ദമായുള്ള നിൽപ്പ് സമരം. സഞ്ചാര സ്വാതന്ത്ര്യം വേണം, കാടിനു പുറത്ത് പോകാൻ വാഹന സൗകര്യം വേണം, കൃഷി സാധനങ്ങൾ വിൽക്കാനായി കൊണ്ടുപോകണം തുടങ്ങി വിവിധ കാരണങ്ങലാണ് സമരം. ബ്ലാവന കടത്ത് കഴിഞ്ഞുള്ള 20 കിലോമീറ്റർ കാട് കടന്നുവേണം വാര്യം കുടിയിലെത്താൻ. ഇവിടേക്ക് കഴിഞ്ഞദിവസം ആദിവാസികളുമായി പോയ ജീപ്പ് ഡ്രൈവറെയാണ് വനപാലകർ മർദ്ദിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് നിൽപ്പ് സമരം.

കാടിന് പുറത്ത് ഫോറെസ്റ്റ് റേൻജ് ഓഫീസിനു മുന്നിൽ സിപിഎം സിപിഐ പ്രവർത്തകരും ധർണ്ണ നടത്തി. പ്രതിഷേധത്തിനിടെ ജീപ്പ് ഡ്രൈവർ ഡോണിനെതിരെ വനം വകുപ്പ് കേടസെടുത്തു. പ്രതികാര നടപടിയാണിതെന്ന് നാട്ടിക്കാർ പറയുന്നു.