മൂന്നാറിലേക്കുള്ള 'ആനവണ്ടി'യിൽ ഇനി താമസിക്കാം; വെറും നൂറുരൂപയ്ക്ക്

കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസസൗകര്യം ഒരുക്കി കെഎസ്ആർടിസി. പദ്ധതി പ്രകാരമുള്ള ആദ്യത്തെ രണ്ട് എ.സി ബസുകൾ മൂന്നാറിൽ  സജ്ജമായി.  ഒരേസമയം 16 പേർക്കു താമസിക്കാൻ കഴിയുന്ന എസി ബസുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

മലയാളിയുടെ സ്വന്തം ആനവണ്ടിയില്‍ മൂന്നാറിലേയ്ക്കിനി  യാത്രാ സൗകര്യം മാത്രമല്ല,   താമസ സൗകര്യംകൂടി  സജ്ജമാണ്.  കിടക്കയും, മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ആണ് കംപാർട്മെന്റുകൾ ഇങ്ങനെ  തയാറാക്കിയത്. 

മൂന്നാർ ഡിപ്പോയിലാണ് ഈ  എ.സി ബസുകൾ പാർക്ക് ചെയ്തിതിരിക്കുന്നത്. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം.  ഒരേസമയം 16 പേർക്കു താമസിക്കാം. മൂന്നാറിലെ വിനോദ സഞ്ചാര മേഖല പൂര്‍ണമായി തുറന്നാലുടൻ ബസ് താമസത്തിനായി നൽകും. ഒരു രാത്രി ഇവിടെ താമസിക്കാന്‍ നൂറ് രൂപ  മതി.

കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര മേഖലകളിൽ മിതമായ നിരക്കിൽ ഇങ്ങനെ  താമസ സൗകര്യം നൽകാമെന്ന ആശയം. പദ്ധതി വിജയം കണ്ടാല്‍ കൂടുതല്‍ ബസുകളില്‍ കിടക്കയൊരുക്കാനാണ് തീരുമാനം.