അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്; വിലഉയർന്നപ്പോൾ വിൽക്കാൻ അടയ്ക്കയില്ല

അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന ചൊല്ല് വയനാട്ടിലെ കവുങ്ങ് കര്‍ഷകരുടെ കാര്യത്തില്‍ ശരിയാവുകയാണ്. അടയ്ക്കക്ക് വിലയുണ്ടെങ്കിലും വിവിധ രോഗബാധകള്‍ കാരണം കവുങ്ങില്‍ നിന്ന് ഉല്‍പാദനമില്ല. മഞ്ഞളിപ്പ് കാരണം കവുങ്ങുകള്‍ വെട്ടിമാറ്റാനൊരുങ്ങുകയാണ് കര്‍ഷകര്‍.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിലെ ഏറ്റവും മികച്ച വിലയായിരുന്നു ഇക്കഴിഞ്ഞ ജൂലൈ മാസം മുതല്‍ അടയ്ക്കക്ക്. എന്നാല്‍ മഞ്ഞളിപ്പും മറ്റ് രോഗബാധകളും കവുങ്ങ് കൃഷിയുടെ അന്ത്യം കുറിക്കുന്നു. ടണ്‍ കണക്കിന് അടയ്ക്കയായിരുന്നു ഒരുകാലത്ത് വയനാട്ടില്‍ നിന്നും കയറ്റിയയച്ചിരുന്നത്.  പാട്ടത്തിനെടുത്തും കര്‍ഷകര്‍ കൃഷി നടത്താറുണ്ട്. എന്നാല്‍ രോഗങ്ങള്‍ കവുങ്ങ്കൃഷിയില്‍ നിന്നുള്ള ഉല്‍പാദനത്തെ തളര്‍ത്തി. പ്രളയത്തിന് ശേഷമാണ് ഇത്രയും തകര്‍ച്ച. ഇലകള്‍ മഞ്ഞ നിറത്തിലാവുന്നതാണ് ആദ്യലക്ഷണം. പിന്നീട് പോളകള്‍ പഴുത്ത് ഒടിഞ്ഞ് തൂങ്ങും. വിളവ് കുറയുകയും മൂപ്പെത്തും മുമ്പ് കൊഴിഞ്ഞ് പോവുകയും ചെയ്യും. 

തോട്ടങ്ങളില്‍ 15 വര്‍ഷമെങ്കിലും പിന്നിട്ട കവുങ്ങുകള്‍ കൂട്ടത്തോടെ നശിപ്പിക്കുകയാണ് കര്‍ഷകര്‍. കായ്ഫലം കുറഞ്ഞ കവുങ്ങുകള്‍ക്ക് പരിചരണം ഒഴിവാക്കുന്ന കര്‍ഷകരുമുണ്ട്.