കോടതിയിലെ ഇമ്മിണി വല്യ കടലാസു കാര്യം

ഹൈക്കോടതിയിൽ കേസ് കാര്യങ്ങൾക്ക് ഇനി മുതൽ A4 സൈസ് പേപ്പർ ഉപയോഗിക്കാം. കോടതിയും വ്യവഹാരങ്ങളുമായി വലിയ ബന്ധം ഇല്ലാത്തവർക്ക് കേൾക്കുമ്പോൾ പെട്ടെന്ന് ഒന്നും തോന്നില്ല. പക്ഷേ ഇത് വെറും കടലാസ് കാര്യമല്ല. ഒരു പുതിയ ചരിത്രമാണ്. കേരള ഹൈക്കോടതിയോളം പഴക്കമുള്ള ഒരു കീഴ്‌വഴക്കത്തിനാണ് ഇന്ന് മുതൽ മാറ്റമുണ്ടാകുന്നത്. ഹൈക്കോടതിയിൽ ഹർജികളും സത്യവാങ്‌മൂലങ്ങളും ഇനി മുതൽ A4 സൈസ് പേപ്പറിൽ സമർപ്പിക്കാം. അതും പേപ്പറിന്റെ ഇരുവശത്തും പ്രിന്റ് ചെയ്തു. A4 സൈസ് പേപ്പറിനെക്കാൾ അല്പം കൂടി വലിപ്പമുള്ള ലീഗൽ സൈസ് പേപ്പറിന് പകരമാണ് A4ന്റെ വരവ്. 

ലോകം മുഴുവൻ ഉപയോഗിക്കുന്ന പേപ്പർ സൈസ് ആണെങ്കിലും ഇന്ത്യയിൽ കോടതിക്ക് പുറത്തായിരുന്നു അടുത്തകാലം വരെ A4ന്റെ സ്ഥാനം. ലീഗൽ സൈസ് പേപ്പറുകളിൽ മാത്രമായിരുന്നു ഹർജികളും സത്യവാങ്മൂലങ്ങളും സമർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. ആ കീഴ്‌വഴക്കമാണ് ഇന്ന് മുതൽ വഴി മാറുന്നത്. അനാവശ്യ ചെലവുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. 

ലീഗൽ സൈസ് പേപ്പറിന്റെ ലഭ്യതക്കുറവും വലിപ്പക്കൂടുതലും വക്കീലന്മാർക്കും ഗുമസ്തൻമാർക്കും ഏറെ തലവേദന ആയിരുന്നു. കോടതിയിലെ കേസുകെട്ടുകൾ A4 സൈസ് പേപ്പറിലേക്ക് മാറ്റണം എന്നുള്ളത് അഭിഭാഷകരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇക്കാര്യം കാണിച്ചു അഭിഭാഷകർ നിവേദനവും നൽകിയിരുന്നു. അഭിഭാഷകരുടെ ആവശ്യവും, കടലാസ് ചെലവ് കുറയ്ക്കുകയെന്ന പരിസ്ഥിതി ചിന്ത കൂടി ചേർന്നപ്പോൾ വേഗം തന്നെ തീരുമാനവും ആയി. നവംബർ രണ്ടു മുതൽ ഹൈക്കോടതിയതിൽ ലീഗൽ സൈസ് പേപ്പറിൽ നൽകുന്ന സത്യവാങ്മൂലങ്ങളും ഹർജികളും സ്വീകരിക്കപ്പെടില്ല. അന്ന് മുതൽ പൂർണമായും A4 പേപ്പറിലേക്ക് കേസ് കെട്ടുകൾ മാറും. 

കേരള ഹൈക്കോടതിയുടെ ഈ ചുവടുവയ്പ്പിനു വലിയ കയ്യടിയാണ് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കേരള ഹൈക്കോടതിക്ക് മുൻപേ നടന്ന കോടതികളും ഉണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ സുപ്രീം കോടതി A4 സൈസ് പേപ്പറിൽ ഇരു പുറവും അച്ചടിച്ച രേഖകൾ സ്വീകരിക്കുന്നുണ്ട്. കൽക്കട്ട ഹൈക്കോടതിയും ത്രിപുര ഹൈക്കോടതിയും A4 പേപ്പറിലേക്ക് പണ്ടേ മാറിയതാണ്. ഡൽഹി, അലഹബാദ് ഹൈക്കോടതികളിൽ ആകട്ടെ ഭരണപരമായ കാര്യങ്ങൾക്ക് A4 സൈസ് പേപ്പർ ഉപയോഗിക്കുന്നുണ്ട്.