സർക്കാർ കെട്ടിടം സിപിഎം ഓഫിസാക്കാൻ നീക്കം?; ചുവപ്പ് പെയിന്റ് വിവാദം

പുതുതായി നിർമിച്ച കണ്ണൂർ തളിപ്പറമ്പ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടത്തിൽ ചുവന്ന പെയിന്റടിച്ചത് വിവാദത്തിൽ. സർക്കാർ കെട്ടിടം സിപിഎം ഓഫിസാക്കാനുള്ള നീക്കമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഇന്ന് ഉത്ഘാടനം ചെയ്യാനിരിക്കെയാണ് കെട്ടിടത്തിന്റെ നിറത്തെ ചൊല്ലി  വിവാദമുണ്ടായത്. നൂറ്റി അമ്പതു വർഷം പഴക്കമുള്ള പഴയ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയത് നിർമിച്ചത്. കെട്ടിടത്തിന്റെ നിറമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വെളള നിറം നല്‍കിയ കെട്ടിടത്തിൽ ചുവന്ന ലൈനുകളുണ്ട്. ചുവപ്പും വെള്ളയുമാണ് ഓഫിസ് ബോര്‍ഡിന്റെ നിറം.  സര്‍ക്കാര്‍ ഉത്തരവ്

പ്രകാരം അറുപത് ശതമാനം മഞ്ഞയും നാൽപ്പതു ശതമാനം പച്ചയും ചേർത്താണ് നിറം നൽകേണ്ടതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഓഫിസിന്റെ പേര് കറുപ്പിലോ വെള്ളയിലോ എഴുതണം. സർക്കാർ നിർദേശം പാടെ തള്ളിക്കളഞ്ഞാണ് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന് ചുവന്ന പെയിന്റടിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.

പിഡബ്ല്യുഡിയുടെ മേൽനോട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള കേരളാ കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിന് ചുവന്ന പെയിന്റടിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പിഡബ്ല്യു ഡി ബിൽഡിംഗ് സെക്ഷൻ ചീഫ് എഞ്ചിനീയർക്കും കണ്ണൂർ ജില്ലാ കലക്ടർക്കും പരാതി നൽകും.