മരപ്പൊടിയിൽ കാല് കൊണ്ട് വിരിയുന്ന വിസ്മയം; മികവിന് കയ്യടി

മരപ്പൊടിയില്‍ ചിത്രങ്ങള്‍ വരച്ച് അത്ഭുതപ്പെടുത്തുകയാണ് കണ്ണൂര്‍ പുല്ലൂപ്പിയിലെ അനജ് ഗ്രാമകേളി. വരക്കുന്നത് കാലുകൊണ്ട് കൂടിയാകുമ്പോള്‍ അനജിന്‍റെ മികവിന് കയ്യടിക്കാതിരിക്കാനാവില്ല.

നിലത്ത് മരപ്പൊടി വിതറിയ ശേഷം അനജ് കാലുകൊണ്ട് വരച്ചു തുടങ്ങും. സൂഷ്മതയോടെയുള്ള കാല്‍വിരല്‍ ചലനങ്ങള്‍. ഒരു മണിക്കൂറുകൊണ്ട് ചിത്രം പൂര്‍ത്തിയാക്കും.  അഞ്ചാം ക്ലാസു മുതല്‍ പെന്‍സില്‍ ഡ്രോയിങ്ങില്‍ മികവു തെളിയിച്ച അനജ് , മരപ്പൊടി ഉപയോഗിച്ച് ചിത്രം വരക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം ആയതേയുള്ളൂ. ഉണ്ണി മുകുന്ദന്‍, ബിനീഷ് ബാസ്റ്റിന്‍, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെയെല്ലാം വരച്ചു. ഇപ്പോള്‍ പൃഥ്വിരാജിനെയും.

കണ്ണാടിപ്പറമ്പ ജി എച്ച് എസ് എസില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ആവശ്യക്കാര്‍ക്ക് ചിത്രങ്ങള്‍ വരച്ചു നല്‍കിയതിലൂടെ സമാഹരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അമ്മയും സഹോദരനും സുഹൃത്തുക്കളും അനജിന് കരുത്തായി കൂടെയുണ്ട്.