ഗുണനിലവാരമില്ലാത്ത ശർക്കര; കമ്പനികൾക്കെതിരെ പേരിന് നടപടി

ഒാണക്കിറ്റിലേക്ക് ഗുണനിലവാരമില്ലാത്ത ശര്‍ക്കരയും പപ്പടവും വിതരണം ചെയ്ത കമ്പനികള്‍ക്കെതിരെ പേരിനുമാത്രം നടപടി. കമ്പനികളെ ടെന്‍ഡറില്‍ നിന്ന് ഒരുമാസത്തേക്ക് മാത്രം മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന് സപ്ലൈകോ ഹെഡ് ഒാഫീസ് പര്‍ച്ചേഴ്സ് കമ്മിറ്റി തീരുമാനിച്ചു. ഇതിനിടെ പപ്പടത്തില്‍ അനുവദിച്ചതിലധികം സോ‍ഡിയം കാര്‍ബണേറ്റും ഈര്‍പ്പവുമുള്ളതായി പരിശോധനയില്‍ കണ്ടെത്തി.

കൃത്രിമ നിറം മുതല്‍ പല്ലിയും പാന്‍പരാഗും വരെ കണ്ടെത്തി ശര്‍ക്കരയില്‍. വിതരണത്തിനെത്തിച്ച ശര്‍ക്കരയില്‍ പകുതിയിലധികവും  ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി തിരിച്ചയച്ചു. ഒാണക്കിറ്റില്‍ നിന്ന് ശര്‍ക്കര ഒഴിവാക്കി പഞ്ചസാരയാക്കി. ഇത് കാരണം ഒാണത്തിന് മുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനായില്ല. ടെന്‍ഡര്‍ പങ്കെടുത്ത അഞ്ചു കമ്പനികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നിട്ടും നടപടി  ഒരുമാസത്തെ ടെന്‍ഡര്‍ വിലക്ക് മാത്രം. ഇനി പപ്പടം പരിശോധിച്ച ഭക്ഷ്യവകുപ്പിന് കീഴിലുള്ള  കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബ് നല്‍കിയ റിപ്പോര്‍ട്ട് നോക്കുക. പപ്പടത്തില്‍ സോഡിയം കാര്‍ബണേറ്റ് അഥവാ അലക്കുകാരത്തിന്റ അംശം ഈര്‍പ്പത്തിന്റ അംശവും അനുവദനീയമായതിലും അധികം. ഇതിന്റ അടിസ്ഥാനത്തില്‍ ഗുണനിലവാര പരിശോധനവിഭാഗം ജനറല്‍ മാനേജര്‍ പപ്പടം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോ മാനേജര്‍മാര്‍ക്ക് ഇന്നലെ അയച്ച കത്താണിത്.

കിറ്റ് വിതരണം പൂര്‍ത്തിയായിട്ടും ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് റിപ്പോര്‍ട്ടിന്റ ഗൗരവം ബോധ്യപ്പെട്ടതുകൊണ്ടെന്ന് വ്യക്തം. എന്നിട്ടും വിതരണക്കാര്‍ക്കെതിരെ ഒരു മാസത്തെ ടെന്‍ഡര്‍ വിലക്ക് മാത്രം. വന്‍തുക കമ്മീഷന്‍  പറ്റിയതുകൊണ്ടാണ് കമ്പനികളോട് സപ്ലൈകോ മൃദുസമീപനം സ്വീകരിക്കുന്നതെന്ന ആക്ഷേപം ഇതോടെ ശക്തമായി. അതേസമയം താല്‍ക്കാലിക നടപടിയാണെന്നും കമ്പനികളില്‍ നിന്ന് വിശദീകരണം തേടിയശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നുമാണ് സപ്ലൈകോയുടെ വിശദീകരണം