വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ; മൊബൈൽ വിൽപ്പനശാലയ്ക്ക് തുടക്കം

വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ മൊബൈൽ വിൽപ്പനശാലകളെ ഇറക്കി സപ്ളൈകോ. ഡിസംബർ 9വരെ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിൽ മൊബൈൽ വിൽപ്പനശാലകൾ സാധനങ്ങൾ വിതരണം ചെയ്യും. സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ ഫ്ലാഗ്ഓഫ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കരിഞ്ചന്ത തടയാൻ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് ജി.ആർ. അനിൽ മനോരമന്യൂസിനോട് പറഞ്ഞു.

പച്ചക്കറിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കച്ചമുറുക്കി കുതിച്ചുയർന്നതോടെയാണ് വിപണിയിലെ സർക്കാർ ഇടപെടൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു മാസത്തിന് വേണ്ട നിത്യോപയോഗ സാധനങ്ങളാണ് മൊബൈൽ വിൽപ്പനശാലകൾ വഴി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. ഒരു ജില്ലയിൽ രണ്ടു ദിവസം കൊണ്ട് 50 കേന്ദ്രങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യും. തീരദേശ , മലയോര മേഖലയിലും ആദിവാസി ഊരുകളിൽ വാഹനം എത്തും. സർക്കാർ നടപടികൾ വിപണിയിൽ ഫലം കണ്ടുതുടങ്ങിയിട്ടണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. 

ഇന്നും നാളെയും തിരുവനന്തപുരം ജില്ലയിലാണ് സേവനം. രണ്ടു മൂന്ന് തീയതികളിൽ കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും മൊബൈൽ യൂണിറ്റുകൾ എത്തും. ആലപ്പുഴ, തൃശൂർ ജില്ലകളിൽ ആറ്, ഏഴ് തീയതികളിലും ഇടുക്കി കോട്ടയം എറണാകുളം ജില്ലകളിൽ എട്ട്, ഒൻപത് തീയതികളിലുമാണ് വിതരണം. നേരത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ കൃഷിവകുപ്പ് ഇതര സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പച്ചക്കറി സംഭരിച്ചിരുന്നു.