സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; ആഹാരസാധനങ്ങള്‍ കവർന്ന് കള്ളൻ

പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിലെ സപ്ലൈക്കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. പണം ഒന്നും ലഭിക്കാഞ്ഞതോടെ ആഹാര സാധനങ്ങളുമായാണ് കള്ളന്‍ മടങ്ങിയത്. വ്യാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു മോഷണം. ഷട്ടര്‍ കുത്തിപ്പൊളിച്ച് ചില്ല് കതകും തകര്‍ത്താണ് കള്ളന്‍ അകത്തു കടന്നത്. മേശയില്‍ തിരഞ്ഞെങ്കിലും പണമൊന്നും ലഭിച്ചില്ല. കശുവണ്ടി ഉള്‍പ്പടെയുള്ള ആഹാരസാധനങ്ങള്‍ കള്ളന്‍ കൈയ്യില്‍ കരുതിയിരുന്ന ബാഗില്‍ നിറയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. റാന്നി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഓണക്കാലത്തും ഇട്ടിയപ്പാറയിലെ സപ്ലൈക്കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നിരുന്നു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.