ഫൊറൻസിക് സയൻസ് പഠിച്ചവരെ തഴഞ്ഞ് പിഎസ്​സി; പരാതി

ഫൊറന്‍സിക് സയന്‍സ് പഠിച്ച ഉദ്യോഗാര്‍ഥികളെ പി.എസ്.സി. തഴയുന്നു. ഫൊറന്‍സിക് ലാബിലേക്കുള്ള നിയമന യോഗ്യതയില്‍ ഫൊറന്‍സിക് സയന്‍സ് പഠിച്ചവരെ ഉള്‍പ്പെടുത്തിയിട്ടില്ല. 

കേരള പൊലീസിന്റെ ഫൊറന്‍സിക് ലാബിലേയ്ക്കുള്ള അന്‍പത്തിയൊന്നു തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നാണ് ഉത്തരവ്. ഇക്കൂട്ടരെ നിയമിച്ചാലും ഫൊറന്‍സിക് സയന്‍സില്‍ ഒരു വര്‍ഷത്തെ പരിശീലനം വേറെ നല്‍കണം. അതേസമയം, ഫൊറന്‍സിക് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള ഒട്ടേറെ ഉദ്യോഗാര്‍ഥികളുണ്ട് താനും. ഇവരെ, ഒഴിവാക്കി നിയമനം നടത്താനുള്ള നീക്കം പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. 

കേരള പൊലീസ് അക്കാദമിയില്‍ തന്നെ ഫൊറന്‍സിക് സയന്‍സില്‍ പഠനം നല്‍കി വരുന്നുണ്ട്. ഈ വിദ്യാര്‍ഥികള്‍ എന്തിന് പഠിക്കുന്നുവെന്നാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്ന ചോദ്യം. പണ്ടുക്കാലത്ത് ഫൊറന്‍സിക് സയന്‍സ് നിയമന യോഗ്യതയായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയില്‍ നിന്ന് ലഭിക്കുന്ന മറുപടി. ഫൊറന്‍സിക് സയന്‍സില്‍ വിദഗ്ധരായ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെന്നിരിക്കെയാണ് പി.എസ്.സി. ഇങ്ങനെ നിയമന നടപടിയിലേക്ക് പ്രവേശിക്കുന്നത്.