നാളെ പിഎസ്​സിക്ക് മുന്നിൽ ഷാഫിയുടെ പട്ടിണി സമരം; പ്രതിഷേധം ഉയരുന്നു

നാളെ തിരുവോണത്തിന് പിഎസ്​സി ഓഫിസിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. കേരളത്തിലെ യുവാക്കൾ ഈ സമരത്തിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്ലായ്മയെ തുടർന്ന് തിരുവനന്തപുരം കാരക്കോണത്തെ 28 കാരൻ ആത്മഹത്യ ചെയ്തു സംഭവത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സമരം.

എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ പോഷക സംഘടനകളെ പോലെ പിഎസ്​സിയെ പിണറായി വിജയൻ മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുവാവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വൻരോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്. റദ്ദാക്കപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ എഴുപത്തിമൂന്ന് റാങ്കുകാരനായിരുന്ന അനു. ‘കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോെല. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ  മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി’. അനു ആത്മഹത്യ കുറിപ്പിൽ എഴുതി. 

രാവിലെ സഹോദരനാണ് അനുവിനെ കിടപ്പുമുറിയൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജോലി കിട്ടാത്തതിനെ തടുത്ത മാനസിക സംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ചുവരികളുള്ള ആത്മഹത്യ കുറിപ്പ് അനു എഴുതിവെച്ചിരുന്നു. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരൂന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.

കോവിഡ് കാലത്ത്  പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി വഴി ജോലി ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന യുവാവ്  ജീവനൊടുക്കിയത്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതോടെയാണ്. അനുവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും. തൊഴിലില്ലായ്മയെ തുടർന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം കാരക്കോണത്തെ അനുവിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

അനുവിന്റെ ആത്മഹത്യയിൽ പി എസ് സിയുടെയും സർക്കാരിന്റെയും പങ്ക് അന്വേഷിക്കണമെന്ന് എം.കെ.മുനീർ എംഎൽഎ. പി എസ് സി ചെയർമാനെതിരെ പ്രതിപക്ഷം നിയമ നടപടി  സ്വീകരിക്കുമെന്നും എം.കെ.മുനീർ കോഴിക്കോട് പറഞ്ഞു.