ഇല്ലായ്മകളിൽ ഞെരുങ്ങി ലയങ്ങൾ; വിട്ടുമാറാതെ ദുരിതഭീതിയും; വേണം പുനരധിവാസം

ഇടുക്കിയിലെ തൊഴിലാളി ലയങ്ങളുടെ ഇല്ലായ്മയില്‍ ഞെരുങ്ങി ജീവിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ നടപടിയില്ല. പെട്ടുമുടി ദുരന്ത ബാധിതര്‍ക്കും , മറ്റ് ലയങ്ങളിലുള്ളവര്‍ക്കും  സ്ഥലവും വീടും അനുവദിക്കണമെന്നാണ് ആവശ്യം. പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ഭീതിയോടെയാണ് പരിസ്ഥിതി ലോല മേഖലകളില്‍ തിങ്ങിപ്പാര്‍ക്കുന്ന തൊഴിലാളികള്‍ ജീവിതം തള്ളി നീക്കുന്നത്.

6 മുതല്‍ 12 വീടുകള്‍ വരെ അടങ്ങുന്നതാണ് ഒാരോ ലയങ്ങളും.  വരാന്തയും മുറിയും അടുക്കളയുമാണ് ഒാരോ വീടും . ബ്രീട്ടീഷുകാരുടെ കാലത്ത് നിര്‌‍മിച്ചതാണ് ഏറെയും. അറ്റകുറ്റപ്പണിക്ക് പണമില്ലാത്തതിനാല്‍ പലതും ചോര്‍ന്നൊലിക്കുന്നു. നിന്നുതിരിയാന്‍ ഇടമില്ലാത്തിടത്ത് മാതാപിതാക്കള്‍ക്കൊപ്പം വിവാഹിതരായ മക്കളും താമസിക്കുന്നു. ശുചിമുറികള്‍ പോലും വീടിന് പുറത്ത് വളരെ ദൂരെ. ഇല്ലായ്മകളുടെ നടുവിലാണ് നാലായിരത്തോളം വീടുകളില്‍ അടുപ്പെരിയുന്നത്.  

ഒറ്റമുറിയില്‍ കുത്തിനിറച്ച ദുരിതമാണ് ഒാരോ തോട്ടം തൊഴിലാളി ലയങ്ങള്‍ക്കും പറയാനുള്ളത്. പെട്ടിമുടി ഒാര്‍മിപ്പിക്കുന്നത് ഈ ലയങ്ങളൊന്നും സുരക്ഷിതമല്ലെന്നാണ്, എന്നിട്ടും ഇവിടെ കഴിഞ്ഞുകൂടുന്നവര്‍ക്ക് കൂരയൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. പെട്ടിമുടി ദുരന്തത്തിന് പിന്നാലെ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തില്‍ പോലും വേര്‍തിരിവ് അനുഭവിക്കേണ്ടിവന്നവര്‍.  തോട്ടം തൊഴിലാളികള്‍ക്ക് 2015ല്‍  പ്രഖ്യാപിച്ച   പാര്‍പ്പിടപദ്ധതിപോലും ജലരേഖയായി.