കുട്ടികളുടെ അരി മറിച്ചു വിറ്റ സംഭവം; ഭക്ഷ്യഭദ്രത കേസെടുത്തു

വയനാട് മാനന്തവാടിയിൽ കുട്ടികൾക്കുള്ള അരി സ്കൂൾ അധികൃതർ മറിച്ചു വിറ്റ സംഭവത്തിൽ ഭക്ഷ്യഭദ്രത കമ്മീഷൻ കേസെടുക്കുകയും സപ്ലൈ ഓഫീസറോട് വിശദീകരണം തേടുകയും ചെയ്തു. ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും അരിവിതരണം പരിശോധിക്കാൻ കലക്ടർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. 

മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യുപി സ്കൂളിൽ നിന്നാണ് 386 കിലോ അരി സൂപ്പർ മാർക്കറ്റിലേക്ക് കടത്തിയത് .  അരി പിന്നീട് പൊതു വിതരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കേസ് എടുത്ത ഭക്ഷ്യ ഭദ്രത കമ്മീഷൻ റിപ്പോർട്ട് നൽകാൻ ജില്ലാ സപ്ലൈ ഓഫീസറോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ജില്ലയിൽ  സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞിക്കായി നൽകുന്ന അരിവിതരണം പരിശോധിക്കാൻ  ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. സ്കൂളിലെ  പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും 

സസ്പെന്‍ഡ് ചെയ്യാൻ  ഡിഡിഇ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.  ഗുരുതര വീഴ്ച ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായെന്ന എ.ഇ.ഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്  നടപടി എടുക്കാൻ ആവശ്യപ്പെട്ടത്. പ്രധാന അധ്യാപകൻ സാബു പി. ജോൺ, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. എന്നാൽ രക്ഷിതാക്കളും മറ്റും സംഭാവന നൽകിയ അരിയും മറ്റു വിഭവങ്ങളും കുട്ടികൾക്ക് പച്ചക്കറി കിറ്റ് വാങ്ങാൻ മറിച്ചു വിറ്റു എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് മാനേജ്മെന്റ്.