തീരത്ത് വീണ്ടും'വലകിലുക്കം'; 64 ദിവസത്തിനു േശഷം വള്ളങ്ങളും ബോട്ടുകളും കടലില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തീരത്തു വീണ്ടും മത്സ്യബന്ധനത്തിന്റെ തിരയിളക്കം. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തൊഴിലാളികളെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതിയുണ്ട്. കൊല്ലം ജില്ലയില്‍ നീണ്ടകരയിലും ശക്തികുളങ്ങരയിലും ഒഴികെയുള്ള സ്ഥലങ്ങളില്‍ വിപണനം സുഗമമായി നടന്നതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. 

കോവിഡും ട്രോളിങ് നിരോധനവും  പ്രതികൂല കാലാവസ്ഥയും മൂലമുണ്ടായ തടസങ്ങള്‍ നീങ്ങിയതോടെ അറുപത്തിനാലു ദിവസത്തിനു േശഷം വള്ളങ്ങളും ബോട്ടുകളും കടലില്‍ പോയി. ഒറ്റ ഇരട്ടയക്ക നിയന്ത്രണങ്ങളുണ്ട്. ആദ്യ ദിവസം കിളിമീനും ചെമ്മീനുമൊക്കെയാണ് കിട്ടിയത്.

ഹാര്‍ബറുകളില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മത്സ്യഫെഡിനെ സഹായിക്കാനാണെന്ന് ലേലക്കാരും ചെറുകിട കച്ചവടക്കാരും ആരോപിക്കുന്നു. കൊല്ലത്തെ പ്രധാന തുറമുഖങ്ങളായ ശക്തികുളങ്ങരയിലും നീണ്ടകരയിലും ഇത് തർക്കത്തിന് ഇടയാക്കി.

കോവിഡിന്റെ പശ്ചാതലത്തില്‍ കൂടുതൽ ആളുകളെ ഹാര്‍ബറുകളില്‍ അനുവദിക്കാനാകില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിലപാട്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മല്‍സ്യം വിറ്റുപോകില്ലെന്ന് തൊഴിലാളികളും ബോട്ടുടമകളും ആശങ്കപ്പെടുന്നു.