ഒാരോ മൃതദേഹം കിട്ടുമ്പോഴും അലറിക്കരഞ്ഞ് കറുപ്പായി; നഷ്‍ടമായത് 13 ഉറ്റവരെ

ദുരന്തഭൂമിയിലെ സങ്കടക്കാഴ്ചയാണ് കറുപ്പായി. രക്ഷാ പ്രവർത്തകർ ഓരോ മൃതദേഹം പുറത്തെടുക്കുമ്പോഴും കറുപ്പായി അലറിക്കരഞ്ഞെത്തും, ഉറ്റവരാരെങ്കിലുമാണോയെന്നു നോക്കും. അല്ലെന്നു മനസ്സിലാകുമ്പോൾ തലയിലടിച്ച് കരഞ്ഞു തിരികെ നടക്കും.  മക്കളും കൊച്ചുമക്കളമടക്കം 12 പേരെയാണു കറുപ്പായിക്കു നഷ്ടമായത്. ആരെയും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രിയിൽ കറുപ്പായി പുറത്തിറങ്ങിയതാണ്. ശുചിമുറിയിൽ പോയി തിരികെ നടക്കുന്നതിനിടെ ഉരുൾപൊട്ടൽ വന്നു, എല്ലാം കഴിഞ്ഞു. ലയത്തിന്റെ പുറത്തായിരുന്നതിനാൽ ഇരമ്പിയെത്തിയ മണ്ണിന്റെയും വെള്ളത്തിന്റെയും ശബ്ദം മാത്രമേ കറുപ്പായി കേട്ടുള്ളൂ. 

സംഭവിക്കുന്നതെന്തെന്നു മനസ്സിലാവുന്നതിനു മുൻപു ലയങ്ങളെല്ലാം മണ്ണിലമർന്നു. അനിയത്തിയും പേരക്കുട്ടിയും വീട്ടിനുള്ളിൽ ഉറങ്ങുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിൽ ഉറങ്ങിയ ബന്ധുക്കളും മണ്ണിനടിയിലായി.  ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണു കറുപ്പായിയെ രക്ഷിച്ചത്. അപകടത്തിന്റെ ഞെട്ടലൊഴിഞ്ഞിട്ടില്ല കറുപ്പായിക്ക്. പ്രദേശവാസികളെല്ലാം മലയിറങ്ങണമെന്ന അറിയിപ്പു വന്നിട്ടും ‘ഒപ്പമുണ്ടായിരുന്നവരെ കാണാതെ’ അനങ്ങില്ലെന്നു പറഞ്ഞു കാത്തിരിപ്പിലാണ് കറുപ്പായി.