മത്തായിയുടെ മരണം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മാത്രം നടപടി

പത്തനംതിട്ട കുടപ്പനയില്‍ മരിച്ചയുവാവിനെ ചട്ടങ്ങള്‍ പാലിക്കാതെ  കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കി വനംവകുപ്പ്.  കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍പോലും വനംവകുപ്പ് നിയോഗിച്ച പ്രത്യേകഅന്വേഷണ സംഘം ഇതുവരെ തയാറായിട്ടില്ല. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മുഖ്യ വനംമേധാവിയുടെ ഉത്തരവും അന്വേഷണ സംഘം പാഴ്്വാക്കാക്കി. 

കുറ്റാരോപിതരെ  ജില്ലയിലെതന്നെ മറ്റു സ്റ്റേഷനുകളിലേയ്ക്ക് സ്ഥലംമാറ്റി എന്നതിനപ്പറം ഒരുനടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കുറ്റാരോപിതരെ വെള്ളപൂശാനുള്ള നടപടിയാണ് നടക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ടി.ടി.മത്തായിയെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായിട്ടും ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നു. മുഖ്യവനം മേധാവി രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല.

അതിനിടെ മത്തായിയുടെ സഹൃത്ത് എന്നുവകാശപ്പെട്ടെത്തിയ യുവാവിന്റെ ഇടപെടലും സംശയകരമാണ്. ഇയാള്‍ മത്തായിയുടെ സുഹൃത്തല്ലെന്നും പരിചയമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധരാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും വലിയപ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മത്തായിയെ കസ്റ്റഡിയിലെടുത്ത മുഴുവന്‍ നടപടിയും നിയമവിരുദ്ധമാണ് എന്നാണ് പൊലീസിന്റെ പ്രാഥമീകാന്വേഷണത്തിലെ കണ്ടെത്തല്‍