ആനയും കടുവയും കുട്ടികൾക്ക് മുന്നിലേക്ക്; ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ അധ്യാപകന്റെ വേറിട്ട വഴി

ഓഗ്മെന്റഡ് റിയാലിറ്റി പൊതുവെ ചാനൽ പരിപാടികളിലും വാർത്തകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ ഓൺലൈൻ ക്ലാസിലും പുതുമയ്ക്കായി നൂതന വിദ്യകൾ പ്രയോഗിക്കുകയാണ് പഴകുളം കെവി യുപി സ്കൂളിലെ ഹിന്ദി അധ്യാപകൻ കെ.എസ്. ജയരാജ്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠഭാഗത്തിലെ കാട്ടുമൃഗങ്ങളെ കാട്ടിക്കൊടുക്കാനാണ് അധ്യാപകന്റെ വേറിട്ട വഴി.ആന, കടുവ, സിംഹം, കരടി, മാൻ, കുരങ്ങ് തുടങ്ങിയ മ‍ൃഗങ്ങളെക്കുറിച്ചുള്ള ഹിന്ദി പാഠഭാഗമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ വഴി ഈ അധ്യാപകൻ നേരിൽ കാട്ടിക്കൊടുത്ത് ക്ലാസെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ടുള്ള ക്ലാസിന്റെ ഭാഗങ്ങൾ സ്കൂളിലെ വാട്സാപ് ഗ്രൂപ്പ് വഴിയാണ് കുട്ടികളിൽ എത്തിക്കുന്നത്. 

സ്കൂളിലെ നല്ലപാഠം കോഓർഡിനേറ്റർ കൂടിയായ ജയരാജിന്റെ ഈ പുതുമയാർന്ന ഓൺലൈൻ പഠന രീതിയെ അടൂർ വിദ്യാഭ്യാസ ഉപ ജില്ലാ ഓഫിസർ ബി. വിജയലക്ഷ്മി, പ്രധാനാധ്യാപിക കവിതാ മുരളി, പിടിഎ പ്രസിഡന്റ് എസ്.ആർ. സന്തോഷ് എന്നിവർ അഭിനന്ദിച്ചു.