കേരളം കടന്നത് അനായാസം; സഹായിച്ചതാര്? ചോദ്യമുനയില്‍ സര്‍ക്കാരും പോലീസും

ന്യൂഡൽഹി : കേസ് ഏറ്റെടുത്ത് ഒറ്റദിവസം കൊണ്ട് പ്രതികളെ പിടികൂടി എൻഎഎ മികവ് തെളിയിച്ചു. ഒപ്പം കസ്റ്റംസിനു പിന്നാലെ എൻ‌എഎയും കേരള പൊലീസിനെ വിശ്വസിക്കുന്നില്ല എന്നും വ്യക്തമായി. കൊച്ചിയിലെ കസ്റ്റംസ്, എൻഐഎ, തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനം എന്നീ ഓഫിസുകളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. 

പ്രതികൾക്ക് സംരക്ഷണം നൽകുകയും അവരെ കേരളം വിട്ടുപോകാൻ സഹായിക്കുകയും ചെയ്തതു കേരള പൊലീസ് ആണെന്നു കേന്ദ്രം കരുതുന്നു. അതുകൊണ്ടാണു കേസന്വേഷണത്തിനു കേരള  പൊലീസിന്റെ സഹായം കസ്റ്റംസ് തേടാതിരുന്നത്. ഇപ്പോൾ സിആർപിഎഫിന്റെ സുരക്ഷ തേടാനുള്ള കാരണവും ഇതുതന്നെ. 

സർക്കാരിനുനേരെ ചോദ്യമുനകൾ

സ്വപ്നയും സന്ദീപും അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയകേന്ദ്രങ്ങളിലും ഉയരുന്നത് ഒരേ ചോദ്യം – ട്രിപ്പിൾ ലോക്‌ഡൗൺ ഉള്ള തിരുവനന്തപുരം നഗരത്തിൽ നിന്നു പുറത്തുകടന്ന്, പൊലീസ് അതീവ ജാഗ്രത പാലിക്കുന്ന വഴികളെല്ലാം പിന്നിട്ട് സംസ്ഥാനത്തിന്റെ അതിർത്തിയും കടന്നു ബെംഗളൂരുവിലെത്താൻ സ്വപ്നയ്ക്ക് ഏതെല്ലാം തലങ്ങളിൽ ആരുടെയെല്ലാം സഹായം കിട്ടിയിട്ടുണ്ടാകാം ? അതിനു ചെറിയ സഹായമൊന്നും പോരെന്ന് ഓരോരുത്തരും അനുഭവം സഹിതം പറയുന്നു. 

രണ്ടു ദിവസം മുൻപ്, അമ്മൂമ്മയുടെ ശസ്ത്രക്രിയയ്ക്കായി തന്റെ മാതാപിതാക്കൾ തിരുവനന്തപുരം വരെ പോയപ്പോൾ കേരള പൊലീസ് 5 തവണ വാഹനം നിർത്തി പരിശോധിച്ചെന്നും ആദിത്യ നാരായൺ എന്നയാൾ ട്വീറ്റ് ചെയ്തു. എന്നാൽ, മാധ്യമശ്രദ്ധയിൽ നിൽക്കുന്ന സ്വപ്നയ്ക്ക് എത്ര അനായാസമാണ് കടക്കാനായത്. പലരും മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും ടാഗ് ചെയ്താണ് സമൂഹമാധ്യമങ്ങളിലൂടെ ചോദ്യങ്ങൾ ഉയർത്തുന്നത്.