തീരപ്രദേശങ്ങളിൽ രോഗവ്യാപനം; കടുത്ത നിയന്ത്രണങ്ങളുമായി കോഴിക്കോട്

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കോഴിക്കോട്ടെ തീരമേഖലയില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തും. തീരപ്രദേശങ്ങളില്‍ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍റെ നടപടി. 

പുതിയാപ്പ ഹാര്‍ബറില്‍ ദിനംപ്രതി 200 ചെറുവള്ളങ്ങള്‍ മീനുമായെത്തും. ട്രോളിങ് നിരോധനം ആയതിനാല്‍  600 ബോട്ടുകള്‍ തീരത്ത് വെറുതെ കിടക്കുകയാണ്. രാവിലെ മുതല്‍ വരുന്ന മീന്‍ തീരത്ത് ഇറക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. മല്‍സ്യതൊഴിലാളികള്‍ക്കൊപ്പം മീന്‍ വാങ്ങാന്‍ വരുന്നവര്‍ കൂടിയാകുമ്പോള്‍ നല്ല തിരക്കാകും. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി ഹാര്‍ബറിനകത്ത് ഇനി ചില്ലറകച്ചവടം അനുവദിക്കില്ല. മൊത്തക്കച്ചവടം മാത്രമേ ഉണ്ടാകൂ. അതും പലയിടത്തായി നടത്തണം. പുറത്ത് നിന്നുള്ള വാഹനങ്ങള്‍ക്കും ഹാര്‍ബറില്‍ പ്രവേശനമുണ്ടാകില്ല. 

കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ട വള്ളയില്‍ ഹാര്‍ബര്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കൊയിലാണ്ടി, വടകര ഹാര്‍ബറുകളില്‍ പുതിയാപ്പയിലേതിന് സമാനമാണ് സ്ഥിതി. ഇവിടങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും.