ബിരിയാണി ചലഞ്ചുമായി യുവജന കൂട്ടായ്മ; പണം ദുരിതാശ്വാസ നിധിയിലേക്ക്

മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ചുമായി യുവജന കൂട്ടായ്മ. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലെ ചെറുപ്പക്കാരുടെ ഒരുദിവസത്തെ പരിശ്രമത്തിലൂടെ ഒരുലക്ഷത്തിലധികം രൂപ നേടാനായി. നിരവധിയാളുകള്‍ ചല‌‍ഞ്ചില്‍ പങ്കെടുത്ത് പിന്തുണ നല്‍കി. 

നാടിന്റെ അതിജീവനത്തിന് നാട്ടാരെല്ലാം കൂട്ടാകുന്ന കാഴ്ച. പാകം ചെയ്യാനും വിളമ്പാനുമെല്ലാം യുവജനങ്ങള്‍ക്കൊപ്പം വയോധികര്‍ വരെ. മല്‍സരിച്ച് ബിരിയാണി വാങ്ങി ദുരിതാശ്വാസ ഫണ്ടിലേക്ക് കഴിയുന്ന സഹായവുമായി കക്ഷി വ്യത്യാസമില്ലാതെ നിരവധി കുടുംബങ്ങള്‍. ഒരു ലക്ഷം രൂപയെന്ന ലക്ഷ്യം അതിലേറെക്കടന്ന് മികച്ച കൂട്ടായ്മയായി. എരവട്ടൂരിലെ വിവിധ യൂണിറ്റുകളാണ് ഉദ്യമത്തിന് പിന്നില്‍. ചിക്കന്‍ ബിരിയാണി നൂറ് രൂപ നിരക്കിലായിരുന്നു വില്‍പന. ആയിരത്തി മുന്നൂറിലധികം ബിരിയാണിയാണ് ആദ്യ ചലഞ്ചില്‍ തന്നെ വിറ്റുപോയത്.  നിശ്ചയിച്ച വിലയില്‍ കൂടുതല്‍ നല്‍കി ബിരിയാണി വാങ്ങിയവരും അതിജീവന വഴിയില്‍ മികച്ച പിന്തുണയായി. കൂട്ടായ്മ നിലനിര്‍ത്തി വ്യത്യസ്ത ഇടങ്ങളില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം.