'അയൽക്കാർ അസഭ്യം പറഞ്ഞു'; ക്വാറന്റീനിൽ മാനസിക പീഡനമെന്ന് ഗർഭിണി

തിരുവനന്തപുരം ചിറയിൻകീഴിൽ വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന ഗർഭിണിയെ നാട്ടുകാർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അസഭ്യം പറയുന്നുവെന്നും പരാതി. ആനത്തലവട്ടം സ്വദേശി ആശാ മഹേശ്വരനാണ് സിപിഎമ്മുകാരിയായ വാർഡുമെമ്പർക്കും അയൽക്കാർക്കുമെതിരെ ഫെയിസ്ബുക്ക് വീഡിയോയിലൂടെ പരാതി ഉന്നയിച്ചത്. എന്നാൽ ആശ ക്വാറന്റീൻ ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

ശനിയാഴ്ച വൈകിട്ടാണ് ആശ ദുബായിയിൽ നിന്നെത്തിയത്. ഏഴുമാസം ഗർഭിണിയായ ആശ വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. വീട്ടിലുണ്ടായിരുന്ന അമ്മ  ബന്ധുവീട്ടിലേക്ക് മാറി. വിദേശത്തുനിന്ന് എത്തിയതിനാൽ അയൽക്കാർ അസഭ്യം പറഞ്ഞുവെന്നും ആവശ്യങ്ങൾ അറിയിച്ചിട്ടും വാർഡ് മെമ്പർ തിരിഞ്ഞുനോക്കിയില്ലെന്നും ആശ ആരോപിക്കുന്നു.

എന്നാൽ ആശാ ക്വാറന്റീൻ ലംഘിച്ചെന്നും   പൊതുപൈപ്പിനടുത്ത് കൊണ്ടുപോയി വസ്ത്രം അമ്മ കഴുകിയതിനെയാണ് ചോദ്യം ചെയ്തതെന്നുമാണ് വാർഡുമെമ്പറുടെ വാദം. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗക്കാരുടെയും മൊഴിയെടുത്തു.