മദ്യം വീണ്ടും പിടിമുറുക്കി; സമാധാനം നഷ്ടപ്പെട്ട് കോളനികൾ; ബോധവത്കരണം

ലോക്ക് ഡൗണ്‍ കാലം വയനാട്ടിലെ ആദിവാസി ഊരുകളിലും വറുതിക്കാലമായിരുന്നു. എന്നാല്‍ മദ്യത്തിന്റെ ലഭ്യതക്കുറവ് പല കുടുംബങ്ങളിലും സമാധാനം തിരിച്ചുകൊണ്ടുവന്നിരുന്നെന്ന് വീട്ടമ്മമാര്‍ പറയുന്നു. കോളനികളില്‍ മദ്യത്തിന്റെ അമിതഉപഭോഗം വീണ്ടും പിടിമുറുക്കുന്നെന്നാണ് പരാതി.

കോട്ടത്തറ മേച്ചന രാജീവ് നഗര്‍ പണിയ ആദിവാസി കോളനിയാണിത്. ഇരുന്നൂറോളം പേരുണ്ട്. അമിത മദ്യപാനവും കുടുംബ വഴക്കുമായിരുന്നു ഇവിടുത്തെ പ്രധാനപ്പെട്ട തലവേദനകളിലൊന്ന്. ലോക്ക് ഡൗണ്‍കാലം പ്രയാസങ്ങളുടേതാണെങ്കിലും കോളനിയില്‍ മദ്യപാനവും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും കുറഞ്ഞു. സമാധാനം തിരിച്ചുവന്നിരുന്നെന്നും വീട്ടമ്മമാര്‍ പറയുന്നു. എന്നാല്‍ വ്യാജമദ്യം ഉള്‍പ്പെടെയുള്ളവ വീണ്ടും തിരിച്ചു വരികയാണെന്നാണ് പരാതി. ഇതുകാരണം കഴിഞ്ഞ ദിവസവും അക്രമമുണ്ടായി.

മദ്യത്തിന്റെ ലഭ്യതക്കുറവ് ഗുണപരമായ മാറ്റം വരുത്തിയിരുന്നെന്നും ഇപ്പോള്‍ അതിന് മാറ്റം വന്നെന്നും ട്രൈബല്‍ പ്രമോട്ടര്‍ പറ‍ഞ്ഞു. എക്സൈസ്–പൊലീസ് പരിശോധനകളും ബോധവല്‍ക്കരണവും ശക്തമാക്കണമെന്നാണ് ആവശ്യം.