മലപ്പുറത്ത് ചരിഞ്ഞ കാട്ടാനയ്ക്ക് പരുക്കേറ്റത് മറ്റാനകളുടെ ആക്രമണത്തിൽ; വെറ്റിനറി സർജൻ

മലപ്പുറം കരുവാരകുണ്ട് വനത്തില്‍ ചരിഞ്ഞ കാട്ടാനക്ക് മറ്റാനകളുടെ ആക്രമണത്തില്‍ പരുക്കേറ്റതാണെന്ന് വനംവകുപ്പിന്റെ വെറ്റനറി സര്‍ജനും വനം ഉദ്യോഗസ്ഥരും. കാട്ടാന ചരിഞ്ഞ സ്ഥലത്തേക്ക് മാധ്യമങ്ങളേയും പരിസരത്തുളളവരേയും കടത്തി വിടാത്തതില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.

ഒരാഴ്ച മുന്‍പാണ് കല്‍ക്കുണ്ടിനടുത്ത് വനമേഖലയോട് ചേര്‍ന്ന സ്വകാര്യ ഭൂമിയില്‍ അവശനിലയില്‍ മോഴയാനയെ കണ്ടത്. വനം ഉദ്യോഗസ്ഥര‍് നടത്തിയ പരിശോധനയില്‍ വായ്ക്കുളളിലും വയറ്റിലും മുറിവു കണ്ടെത്തി. മയക്കുവെടി വച്ച ശേഷം ചികില്‍സ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റാനകളില്‍ നിന്ന് കുത്തേറ്റപ്പോള്‍  അന്നനാളം മുറിഞ്ഞുവെന്നാണ് വനംവകുപ്പിന്റെ വെറ്റിനറി ഡോക്ടറുടെ നിഗമനം.

ആന ചരിഞ്ഞ സ്വകാര്യഭൂമിയിലേക്ക് മാധ്യമങ്ങളേയും നാട്ടുകാരേയും കടത്തിവിടാന്‍ തയാറാവാത്തത് ബഹളത്തിനിടയാക്കി. വസ്തുതകള്‍ മറച്ചു വക്കുകയാണന്ന് നാട്ടുകാര്‍ ആരോപിച്ചു.ആനയുടെ ജഢം സ്വകാര്യഭൂമിയില്‍ ദഹിപ്പിക്കുന്നതിന് എതിരേയും പ്രതിഷേധമുയര്‍ന്നു. നാട്ടുകാരുടെ എതിര്‍പ്പിനിടെ വനം ഉദ്യോഗസ്ഥര്‍ ആനയെ ദഹിപ്പിച്ചു.