ബീഹാറിൽ പോകണം; പ്രതിഷേധിച്ച് അതിഥി തൊഴിലാളികൾ

പത്തനംതിട്ടയിൽ ലോക്ഡൌൺ വിലക്ക് ലംഘിച്ച് അതിഥിതൊഴിലാളികളുടെ പ്രതിഷേധം. ബീഹാറിലേക്ക് വാഹനം ആവശ്യപ്പെട്ട് സിപിഎം ജില്ല കമ്മിറ്റി ഓഫിസിന് മുന്നിൽ തടിച്ചുകൂടിയവരെ, എസ്‌പിയുടെ നേതൃത്വത്തിൽ എത്തി വിരട്ടിയോടിച്ചു. ക്യാംപുകളിൽ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്ന് അതിഥിതൊഴിലാളികൾ പറഞ്ഞു. 

ഒന്നരയോടെ പത്തനംതിട്ട കണ്ണങ്കരയിലെ സിപിഎം ഓഫിസിന് മുന്നിൽ അതിഥിതൊഴിലാളികൾ സംഘടിച്ചു. ക്യാംപുകളിൽ ഭക്ഷണം ലഭിക്കുന്നില്ലെന്നും, ജോലി ഇല്ലാത്തതിനാൽ ബീഹാറിലേക്ക് പോകാൻ വാഹനസൗകര്യം വേണമെന്നും അവർ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ പോലിസ് അനുനയത്തിനു ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നാലെ എസ്പി സ്ഥലത്തെത്തി. തൊഴിലാളികളെ ലാത്തിവീശി വിരട്ടിയോടിച്ചു. ക്യാമ്പുകളിലെ സ്ഥിതി മോശമാണെന്നും നാട്ടിലേക്ക് പോകാതെ മാർഗ്ഗമില്ലെന്നും അതിഥി തൊഴിലാളികൾ പറയുന്നു. ഭക്ഷണം എത്തിക്കുന്നതിലടക്കം വീഴ്ച ഉണ്ടായെങ്കിൽ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.