വിശപ്പകറ്റാന്‍ ബിസ്ക്കറ്റും വെള്ളവും; സർക്കാരിനോട് തൊഴുത് ഗുജറാത്ത് മലയാളികൾ: വിഡിയോ

ഗുജറാത്തിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ കേരള സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാവുകയാണ്. കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഗുജറാത്തിൽ നിന്നും കണ്ണീരോടെ സഹായം തേടുകയാണ് മലയാളികൾ. അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘത്തിന് മലയാളി സമാജം പ്രവർത്തകരാണ് ഏക ആശ്വാസം. ഇതേ കുറിച്ച് എറാണാകുളം സ്വദേശിയും അഹമ്മദാബാദിൽ അധ്യാപികയായി ജോലിചെയ്യുന്ന അനു പറയുന്നതിങ്ങനെ.

‘ഡിസംബറിലാണ് ജോലിക്കായി ഇവിടെ എത്തിയത്. ലോക്ഡൗണിൽ വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ നേരിടുന്നത്. എന്റെ അറിവിൽ 50  മലയാളികൾ സമീപപ്രദേശത്ത് തന്നെ കുടുങ്ങി കിടക്കുന്നുണ്ട്. ബിസ്ക്കറ്റും വെള്ളവും മാത്രം കഴിച്ചുകഴിയുന്നവരും അക്കൂട്ടത്തിലുണ്ട്. ഇവിടെ കടകൾ ഒന്നും തുറക്കുന്നില്ല. ഭക്ഷണം വച്ചുകഴിക്കാൻ സൗകര്യം ഉള്ളവർ പോലും ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.

ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നതറിഞ്ഞ് ഇവിടുത്തെ മലയാളി സമാജം പ്രവർത്തകർ അരിയും കടലയും പഞ്ചസാരയും എത്തിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ അതും തീരും. പണം തന്ന് സഹായിക്കേണ്ട, എനിക്ക് ടിക്കറ്റെടുക്കാനുള്ള പണം ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ തന്നിരുന്നു. പക്ഷേ അഹമ്മദാബാദിൽ നിന്നും ഒരു ട്രെയിൻ പോലും കേരളത്തിലേക്ക് ഇല്ല. ഞങ്ങൾ എന്താ ചെയ്യേണ്ടത്. ഇവിടെ കോവിഡ് കേസുകൾ കൂടിവരികയാണ്. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒന്നു സഹായിക്കാൻ പോലും ഇവിടെ ആരുമില്ല. ദയവായി സഹായിക്കണം. നാട്ടിലെത്തിക്കണം. എന്നെ മാത്രമല്ല എന്നെക്കാൾ സങ്കടത്തിൽ കഴിയുന്നവരുണ്ട് ഇവിടെ. ദയവായി ഞങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണം. ട്രെയിൻ അനുവദിക്കണം.. ഭക്ഷണം പോലും ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇവിടെ...’ കണ്ണീരോടെ അനു മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. വിഡിയോ കാണാം.