വീടു പണിതു നല്‍കി കരുതൽ; വയോധികയുടെ കണ്ണീരൊപ്പി കര്‍ഷക സംഘടന; മാതൃക

മലയോര കര്‍ഷര്‍ക്കു പട്ടയം കിട്ടാന്‍ തൃശൂരില്‍ രൂപികരിച്ച കര്‍ഷക സംഘടന നിര്‍ധന കുടുംബത്തിന്റെ കണ്ണീരൊപ്പി. ആരോരുമില്ലാതെ തകര്‍ന്ന വീട്ടില്‍ കഴിഞ്ഞിരുന്ന വയോധികയ്ക്കു വീടു പണിതു നല്‍കിയാണ് മാതൃക കാട്ടിയത്. 

തൃശൂര്‍ പായിക്കണ്ടം സ്വദേശിനി കുട്ടിയമ്മയുടെ വീട് കാലപഴക്കം മൂലം തകര്‍ന്ന നിലയിലായിരുന്നു. അറുപത്തിയേഴുകാരിയായ കുട്ടിയമ്മ ഒറ്റയ്ക്കായിരുന്നു താമസം. മകള്‍ സ്ഥലത്തില്ല. ഭര്‍ത്താവ് മരിച്ചിരുന്നു. ഈ ദുരിതാവസ്ഥ കര്‍ഷകരാണ് ആദ്യം തിരിച്ചറിഞ്ഞത്. പട്ടയം കിട്ടാന്‍ രൂപികരിച്ച മലയോര കര്‍ഷക കൂട്ടായ്മ ഇതേറ്റെടുത്തു. വീടു പണിയാനുള്ള സാമഗ്രികള്‍ സംഭാവനയായി വാങ്ങി. പ്രധാന റോഡില്‍ നിന്ന് കുറച്ചകലെയാണ് സ്ഥലം. നിര്‍മാണ സാമഗ്രികള്‍ ചുമടെടുത്ത് കൊണ്ടു പോയത് കര്‍ഷകര്‍തന്നെ. വീടു പണിതതും കര്‍ഷകര്‍. മഴയ്ക്കു മുമ്പേ വീടു പണിത് താക്കോല്‍ കൈമാറി.

വലിയ സൗകര്യങ്ങള്‍ ഇല്ലെങ്കിലും പണിത വീടിന് അടച്ചുറപ്പുണ്ട്. കര്‍ഷകരുടെ ഈ നല്ല മാതൃക നാട്ടുകാരുടെ കയ്യടി വാങ്ങി.