ഇരു വൃക്കകളും തകരാറിൽ; ജീവിതം തിരികെപ്പിടിക്കണം; സഹായം തേടി യുവാവ്

ഇരുവൃക്കകളും തകരാറിലായി, ജീവിതംവഴിമുട്ടിയ യുവാവ് സുമനസുകളുടെ സഹായംതേടുന്നു. ആലപ്പുഴ തകഴി സ്വദേശി സതീഷ് കുമാറാണ് ജീവിതം തിരികെപിടിക്കാന്‍ പൊരുതുന്നത്. വൃക്കദാതാവിനെ കണ്ടെത്തുന്നതിനൊപ്പം, ശസ്ത്രക്രിയയക്ക് ആവശ്യമായ പണം എങ്ങനെ സ്വരൂപിക്കുമെന്നും, ഒരു കുടുംബത്തിന്‍റെയാകെ ആശ്രയമായ ഇദ്ദേഹത്തിന് നിശ്ചയമില്ല. 

2014 മുതല്‍ വൃക്കസംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു സതീഷ്കുമാര്‍ . എന്നാല്‍ , കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ തുടര്‍ചികില്‍സ മുടങ്ങി. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഇതോടെയാണ് ഇരുവൃക്കകളുടേയും പ്രവര്‍ത്തനം 90ശതമാനവും നിലച്ചതായി തിരിച്ചറിയുന്നത്.  കയ്യിലുള്ളതെടുത്തും, കടംവാങ്ങിയുമെല്ലാം ആഴ്ചയില്‍ രണ്ടുതവണവീതം ഡയാലിസിസ് തുടരുകയാണ്. അതിന്‍റെ സൗകര്യാര്‍ഥം തിരുവല്ലയിലെ ബന്ധുവീട്ടിലാണിപ്പോള്‍ സതീഷും ഭാര്യ മഞ്ചുവും . ശസ്ത്രക്രിയയ്ക്കായി പതിനഞ്ചുലക്ഷത്തോളംരൂപ കണ്ടെത്തണം. വൃക്കനല്‍കാന്‍ ദാതാവും വേണം. 

സ്വകാര്യസ്ഥാപനങ്ങളില്‍ ഇരുവര്‍ക്കും ജോലിയുണ്ടായിരുന്നു. ഇനിയത് തുടരാനാകില്ല. വിദ്യാര്‍ഥികളായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയാണിങ്ങനെ വേരറ്റുനില്‍ക്കുന്നത്. നാല്‍പതാംവയസില്‍ ജീവിതംതിരിച്ചുപിടിക്കാന്‍ പൊരുതുകയാണ് സതീഷ്. അതിന് സുമനസുകളുടെ കരുണകൂടി ഉണ്ടാകണം.