ആയിരം രൂപ ധനസഹായം കിട്ടാൻ 500 രൂപ ക്ഷേമനിധിയിൽ അടയ്ക്കണം; വലഞ്ഞ് സ്വർണപ്പണിക്കാർ

സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിൽ നിന്ന് കയ്യിട്ട് വാരി ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്. സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ അംശാദായത്തിന്റെ കുടിശിക അടക്കണമെന്നാണ് നിബന്ധന. ഇതോടെ ആയിരം രൂപയുടെ സഹായം കിട്ടാൻ അഞ്ഞൂറ് രൂപ വരെ കുടിശിക അടക്കേണ്ട ഗതികേടിലാണ് നൂറ് കണക്കിന് തൊഴിലാളികൾ.

ലോക് ഡൗണിൽ പെട്ട് ജോലിയും കൂലിയും ഇല്ലാതായ തൊഴിലാളികൾക്ക് അടിയന്തിര സഹായമായാണ് സർക്കാർ ആയിരം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. സ്വർണാഭരണങ്ങൾ നിർമിച്ച് നൽകുന്ന പരമ്പരാഗത തൊഴിലാളികൾ വളരെ പ്രതീക്ഷയോടെയാണ് സർക്കാർ പ്രഖ്യാപനം കേട്ടത്. ആ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തിയിരിക്കുകയാണ് ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്. ക്ഷേമനിധിയിലെ അംശാദായ കുടിശിക ഉള്ളവർക്ക് സഹായം നൽകേണ്ടെന്നാണ് ബോർഡ് ചെയർമാന്റെ ഉത്തരവ്. 

രണ്ട് വർഷം വരെ കുടിശികയുള്ളവർ ആ തുക അടച്ചാൽ പണം നൽകും. ഒരു വർഷം 240 രൂപയാണ് അംശാദായം. അതായത് രണ്ട് വർഷം കുടിശികയുള്ളവർക്ക് ആയിരം രുപ സഹായം കിട്ടാൻ 480 രുപ കുടിശിക അsക്കണം. അതും രണ്ടാഴ്ചക്കുള്ളിൽ. അങ്ങിനെ പട്ടിണിയിൽ കഴിയുന്ന തൊഴിലാളിയിൽ നിന്ന് കുടിശിക പിരിക്കാനുള്ള നടപടി ഈ ലോക് ഡൗൺ കാലത്തും തുടങ്ങി.  ഒന്നരക്കോടി രൂപ സർക്കാർ അനുവദിച്ചിരിക്കെയാണ് അതിൽ നിന്ന് കുടിശിക പിടിക്കാനുള്ള വഴിവിട്ട നീക്കം. എന്നാൽ ഒരു വർഷത്തിലേറെ കുടിശിക വരുത്തിയാൽ അംഗത്വം നഷ്ടപ്പെടുമെന്ന നിയമമുള്ളതിനാലാണ് കുടിശിക അടക്കാതെ സഹായം നൽകാത്തതെന്നാണ് ബോർഡിന്റെ വിശദീകരണം. ചുരുക്കത്തിൽ സർക്കാർ സഹായം ഭൂരിഭാഗം തൊഴിലാളികൾക്കും വാഗ്ദാനം മാത്രം.