മെറ്റൽ ഡിറ്റക്റ്ററുമായി നടക്കാനിറങ്ങി; ബീപ് ശബ്ദം; കുഴിച്ചപ്പോൾ ഒരു കിലോ സ്വർണം

image/ instagram

ഒരു തരി സ്വർണത്തിന്റെ ഇപ്പോഴത്തെ വില പറയേണ്ടല്ലോ. ദിനംപ്രതി വില കുതിച്ചു കയറുന്ന ഈ മഞ്ഞലോഹം വെറും ഒരു ആഭരണം മാത്രമല്ല, നിക്ഷേപം കൂടിയാണ്. എന്നാൽ പിടിച്ചാൽ കിട്ടാതെ പായുന്ന വില കാരണം സാധാരണക്കാർക്കു സ്വർണം വാങ്ങുന്നത് അൽപം ബുദ്ധിമുട്ടു തന്നെ. ആ സാഹചര്യത്തിൽ ഈ സാധനം മണ്ണിനടിയിൽ നിന്നും കിട്ടിയാലോ ? 

അങ്ങനൊരു ഭാഗ്യം കിട്ടിയിരിക്കുന്നത് ഡെൻമാർക്കിലെ  ഒലെ ഗിന്നെറപ് ഷൈറ്റ്സ് എന്ന ചെറുപ്പക്കാരനാണ്. പുതുതായി വാങ്ങിയ മെറ്റൽ ഡിറ്റക്റ്ററും കൊണ്ട് ഡെന്മാർക്ക് ടൗണായ വിന്‍ഡെലേവിലൂടെ കൂട്ടുകാരനൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു കക്ഷി. . പുതുതായി വാങ്ങിയതിനാൽത്തന്നെ ആദ്യമായി ഡിറ്റക്റ്ററിൽനിന്ന് ബീപ് ശബ്ദം കേട്ടപ്പോൾ ഒരു ചെറിയ അമ്പരപ്പുണ്ടായിരുന്നു. മണ്ണിനടിയിൽ ഒരു ആണി കിടന്നാലും ഡിറ്റക്റ്റർ ശബ്ദമുണ്ടാക്കും. പക്ഷേ ഒലെ എന്തായാലും കുഴിച്ചു നോക്കാൻ തീരുമാനിച്ചു

ഒരു വയൽ പ്രദേശത്തിനു സമീപമായിരുന്നു അത്. മണ്ണ് നന്നായി ഈർപ്പം കയറിയ അവസ്ഥയിലും. എളുപ്പത്തില്‍ കുഴിയെടുക്കാനായി. ആദ്യം കയ്യിൽ കിട്ടിയത് ഒരു തകരപ്പാത്രത്തിന്റെ ലിഡ് പോലുള്ള ഭാഗമായിരുന്നു. കാനിലും മറ്റും ശീതളപാനീയം വാങ്ങുമ്പോൾ അത് കുടിക്കാൻ വേണ്ടി നമ്മൾ പൊട്ടിച്ചെടുക്കുന്ന ഭാഗമില്ലേ, ഏതാണ്ട് അതുപോലിരിക്കും. അതിലാകെ മണ്ണും ചെളിയുമായിരുന്നു. ഡിറ്റക്റ്റർ നൽകിയ സൂചന അനുസരിച്ച് പിന്നെയും കുഴിച്ചു നോക്കി. വീണ്ടും വീണ്ടും സമാനമായ ലോഹവസ്തുക്കൾ കിട്ടാൻ തുടങ്ങി. ചിലതിന് നല്ല തിളക്കം, ചിലതിന് പ്രത്യേക തരം ആകൃതി. സംഗതി എന്തോ വിലയേറിയ വസ്തുവാണെന്ന് അതോടെ ഒലെയ്ക്കു പിടികിട്ടി. 

കുഴിച്ചു കുഴിച്ച് അദ്ദേഹം സ്വന്തമാക്കിയത് 22 ലോഹക്കഷ്ണങ്ങളായിരുന്നു. വെറും ലോഹമായിരുന്നില്ല, തനി സ്വർണം! ഏകദേശം ഒരു കിലോ സ്വർണമാണ് അദ്ദേഹം മണ്ണിൽനിന്നു കുഴിച്ചെടുത്തത്. നാണയങ്ങൾ പോലുള്ളവയായിരുന്നു അതിൽ ചിലത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ മനസ്സിലായി, ഭൂരിപക്ഷം വസ്തുക്കളും ലോക്കറ്റുകളും അധികാര മുദ്രകളുമാണെന്ന്. ഇത്തരത്തിൽ പല തരത്തിലുള്ള പുരാതന ലോഹ വസ്തുക്കൾ ഒരുമിച്ച് ഒരിടത്തുനിന്നും ഡെന്മാർക്കിൽ മുൻപു ലഭിച്ചിട്ടില്ല. അതിനാൽത്തന്നെ കഴിഞ്ഞ 40 വർഷത്തിനിടെ പുരാവസ്തു ഗവേഷണത്തിലുണ്ടായ ഏറ്റവും നിർണായക കണ്ടെത്തലായി മാറി ഒലെയുടേത്. 

ഏകദേശം 1500 വർഷത്തെ പഴക്കമുണ്ടായിരുന്നു അതിന്. ചില മുദ്രകൾക്ക് ഒരു സോസറിന്റെ വലുപ്പമുണ്ടായിരുന്നു. മറ്റു ചിലതിന് നാണയങ്ങളുടെ വലുപ്പവും. റോമൻ രാജാവംശത്തിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളും ആഭരണങ്ങള്‍ക്കു സമാനമായ വസ്തുക്കളും കൂട്ടത്തിലുണ്ടായിരുന്നു. ഒന്നുകിൽ അവ ആഭരണമായി ഉപയോഗിച്ചത്, അല്ലെങ്കിൽ അധികാര ചിഹ്നം, അതുമല്ലെങ്കിൽ വസ്ത്രങ്ങളിലെ അലങ്കാരം... കൃത്യമായ ഒരു നിഗമനത്തിലെത്താനായിട്ടില്ല ഗവേഷകർക്ക്. ഡെന്മാർക്കിൽ ഇന്നേവരെ ലഭിച്ച ഏറ്റവും ഭംഗിയേറിയ, വിലയേറിയ, ഏറ്റവും വലിയ സ്വർണശേഖരമാണിതെന്നും ഗവേഷകർ പറയുന്നു.