ഇനി ഹാൾമാർക്ക് സ്വർണം മാത്രം; മായം തടയുക ലക്ഷ്യം

നാളെ മുതൽ രാജ്യത്തെ സ്വർണാഭരണ ശാലകളിൽ ഹാൾമാർക്ക് ചെയ്ത സ്വർണ്ണം മാത്രമേ വിൽക്കാൻ സാധിക്കൂ.ഹാൾമാർക്കിങ് വ്യാപാരികൾക്ക് മാത്രമാണ് ബാധകം. ഉപഭോക്താക്കളുടെ പക്കലുള്ള ഹാൾമാർക്കിങ് ഇല്ലാത്ത ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിനോ വിൽക്കുന്നതിനോ തടസ്സമില്ല

സ്വർണ്ണത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനം ആണ് ഹാൾമാർക്കിങ്. സ്വർണ്ണത്തിലെ മായം തടയുകയാണ്  പ്രധാനലക്ഷ്യം. ഇതിന്റെ ഭാഗമായി നാളെമുതൽ രാജ്യത്ത് ഹാൾ മാർക്കുള്ള ആഭരണങ്ങൾ മാത്രമേ സ്വർണ്ണാഭരണ ശാലകളിലൂടെ വിൽക്കാൻ സാധിക്കൂ. ഈ നിയമം വ്യാപാരികൾക്ക് മാത്രമാണ് ബാധകം.ഉപയോക്താക്കളിൽനിന്നു സ്വീകരിക്കുന്ന സ്വർണത്തിന് ഹാൾമാർക്കിങ് നിർബന്ധമില്ല. ഏതു കാരറ്റിൽ ഉള്ള സ്വർണാഭരണവും ഉപഭോക്താക്കൾക്ക് മാറ്റിയെടുക്കാം. പഴയ സ്വർണ്ണം വിൽക്കാനും സാധിക്കും. ഉപയോക്താക്കൾ സ്വർണ്ണം വിൽക്കാൻ ചെല്ലുമ്പോൾ ഹാൾമാർക്ക് ഇല്ല എന്ന കാരണം പറഞ്ഞ് വാങ്ങാതിരിക്കാനോ, കുറഞ്ഞ വിലനൽകാനോ പാടില്ല എന്ന് കേന്ദ്രസർക്കാർ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  ഹാൾ മാർക്കിങ് ഇല്ലാത്ത സ്വർണം പണയം വെക്കുന്നതിനും തടസമില്ല. 

2000 മുതൽ ഹാൾ മാർക്കിംഗ് സംവിധാനം രാജ്യത്ത് നിലവിൽ ഉണ്ടെങ്കിലും പല സ്വർണ്ണാഭരണ ശാലകളും ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർനടപടി കർശനമാക്കിയത്.രണ്ടു ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ല.