മാസ്ക് ധരിച്ചില്ല; ഡോക്ടറും പൊലീസുമായി തർക്കം; മൊബൈൽ പിടിച്ചുവാങ്ങി

 ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ഡോക്ടർ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പൊലീസുമായി തർക്കം. പാതാളം ഇഎസ്ഐയിലെ ഡോക്ടർ വിനോദ്കുമാറിനാണ് ദുരനുഭവമുണ്ടായത്. എച്ച്എംടി ജംക്‌ഷനിൽ ഇന്നലെ രാവിലെ 9.35നാണ് സംഭവം.ഡോക്ടറാണെന്നും കോവിഡ് ഡ്യൂട്ടിയിലാണെന്നും ആശുപത്രിയിൽ രോഗികൾ കാത്തിരിക്കുകയാണെന്നും വെളിപ്പെടുത്തി ആശുപത്രിയിൽ നിന്നു നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചുവെങ്കിലും മാസ്ക് ധരിക്കാത്തത് തെറ്റാണെന്ന വാദത്തിൽ പൊലീസുകാരൻ ഉറച്ചു നിന്നു.

ഇതിനിടെ ഇഎസ്ഐ ആശുപത്രിയിലെ ഡോ.കാർത്തിക് അതുവഴി വന്നു. അദ്ദേഹവും സംസാരിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ കാണിച്ചുകൊടുക്കാൻ തുനിഞ്ഞ ഡോ.വിനോദ്കുമാറിന്റെ മൊബൈൽ ഫോൺ പൊലീസുകാരൻ  പിടിച്ചുവാങ്ങി. വി‍ഡിയോ എടുത്തുവെന്ന് പറഞ്ഞ് ഡോ.കാർത്തിക്കിന്റെ ഫോണും വാങ്ങി.

ഡോക്ടർമാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുന്നതിനെതിരെ പരാതി നൽകുമെന്ന് പറഞ്ഞതോടെ പൊലീസുകാരൻ അ‍യഞ്ഞു. ഇരുവരുടെയും മൊബൈൽ ഫോണുകൾ തിരികെ നൽകി. ഡോക്ടർമാരുടെ പേരും വാഹന നമ്പറും എഴുതിയെടുത്ത് വിട്ടയച്ചു. പൊലീസിൽ നിന്ന് ഡോക്ടർമാർക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ പൊലീസിലും കലക്ടർക്കും പരാതി നൽകിയെന്ന് ഇഎസ്ഐ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ദേവദാസ് പറഞ്ഞു.