ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ വീഴ്ച; ആരോപണവുമായി പിടി തോമസ്

നെടുമ്പാശേരിയിൽ ഡ്യൂട്ടിയിലുണ്ടായ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലുണ്ടായ വീഴ്ച്ചയിൽ ഗുരുതര ആരോപണമുന്നയിച്ച് പി.ടി.തോമസ്. ഡ്യുട്ടിക്ക് ശേഷം തിരിച്ചെത്തിയ ഡോക്ടർമാരില്‍ ചിലര്‍ ശസ്ത്രക്രിയ വരെ നടത്തിയെന്നും,, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച ശേഷമാണ് എംഎല്‍എ മാധ്യമങ്ങളെ കണ്ടത്. ഇതിലെ വീഴ്ച നേരത്തെ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

കഴിഞ്ഞ 22വരെ വിമാനത്താവളത്തില്‍ ഡ്യൂട്ടി നോക്കിയ ആ‌രോഗ്യ പ്രവര്‍ത്തകരെല്ലാവരും അവരവരുടെ കേന്ദ്രങ്ങളില്‍ തിരിച്ചെത്തി ജോലി ചെയ്യുകയായിരുന്നു. ഇതിലെ രണ്ടുപേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചതോടെയാണ് കൂടുതല്‍ വീഴ്ച‍കള്‍ ഉന്നയിച്ച് പിടി തോമസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ക്വാറന്റീനില്‍ പോകാതെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചെത്തിയ എറണാകുളം ജനറല്‍ ആശൂപത്രിയിലെ ഡോക്ടര്‍ കഴിഞ്ഞ 21ന് ശസ്ത്രകിയ വരെ ചെയ്തു. അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറായാല്‍ വിവരങ്ങള്‍ കൈമാറുമെന്ന് പി.ടി.തോമസ്. 

വിദേശത്ത് ‍നിന്നെത്തുന്ന എല്ലാവരെയും പ്രത്യേക വാഹനത്തില്‍ വീട്ടിലെത്തിക്കുമെന്ന് കഴിഞ്ഞ 16ന് മുഖ്യമന്ത്രി പറ‍ഞ്ഞിട്ടും 18ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയയാള്‍ കണ്ണൂരിലെ ഭാര്യവീട്ടിലേക്ക് പോയത് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ടമെന്റിലാണ്. വെറും രണ്ടു ദിവസത്തിനുള്ളില്‍ ഇയാള്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ച് പുറത്തിറക്കിയ റൂട്ടുമാപ്പില്‍ ഇതിന് തെളിവുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ 28ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട‌യാള്‍ മെഡിക്കല്‍ കോളജില്‍ എത്തിയത് ബന്ധുക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയിലാണ്. 

രോഗം ഭേദമായവരുടെ കാര്യത്തില്‍ പോലും സര്‍ക്കാരിന്റെ രാഷ്ട്രിയ തീരുമാനമാണ് നടക്കുന്നതെന്ന് പിടി തോമസ് സംശയം പ്രകടിപ്പിച്ചു