അതിഥിതൊഴിലാളികള്‍ക്കായി കോള്‍സെന്‍റര്‍; ആദ്യദിനമെത്തിയത് 600 ലേറെ കോളുകള്‍

അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി കൊച്ചിയില്‍ തൊഴില്‍ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം കോള്‍ സെന്‍റര്‍. അതിഥി തൊഴിലാളികളുമായി അവരുടെ ഭാഷയില്‍ സംവദിക്കുന്ന കോള്‍ സെന്‍റര്‍ രണ്ടു ദിവസം കൊണ്ട് തന്നെ ഹിറ്റായി കഴിഞ്ഞു. അറുനൂറോളം കോളുകളാണ് ആദ്യദിനം മാത്രം ഇവിടേക്ക് വന്നത്. 

നമസ്തേ, ജുഹാര്‍, നമസ്കാരോ തുടങ്ങി ഇതരസംസ്ഥാന ഭാഷകളാണ് രണ്ട് ദിവസമായി തൊഴില്‍ വകുപ്പിന്‍റെ ഈ ഓഫീസില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ലോക്ക് ഡൗണ്‍ മൂലം വിവിധ ആവശ്യങ്ങളും ആവലാതികളുമായി വിളിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ ആശ്വാസമേകുകയാണ് ഈ കോള്‍ സെന്‍റര്‍. ബംഗാളി, ഹിന്ദി, ഒഡിഷ, ആസാമി ഭാഷകളിലാണ് തൊഴിലാളികള്‍ക്ക് സേവനം നല്‍കുന്നത്. ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള, ഇതരസംസ്ഥാനക്കാരായ മൈഗ്രന്‍റ് ലിങ്ക് വര്‍ക്കേഴ്സാണ് കോള്‍ സെന്‍ററില്‍ സേവനം ചെയ്യുന്നത്. 

ഭക്ഷണം കിട്ടാനില്ല, താമസ സ്ഥലത്ത് നിന്ന് ഇറക്കി വിട്ടു, നാട്ടില്‍ പോകാന്‍ സഹായം വേണം തുടങ്ങിയ പ്രശ്നങ്ങളുമായാണ് വിളികളേറെയും. താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതാത് തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉടനടി പരിഹാരം ലഭ്യമാക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് വീണ്ടും തൊഴിലാളികളെ വിളിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു.