ക്ഷീരകര്‍ഷകർക്ക് ആശ്വാസം; മുഴുവന്‍ പാലും ശേഖരിക്കുമെന്ന് മിൽമ

കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിക്കിടയിലും ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി മില്‍മ. പാല്‍വില്‍പന അന്‍പത് ശതമാനത്തിലധികം കുറഞ്ഞെങ്കിലും മുഴുവന്‍ പാലും ശേഖരിക്കുന്നതിനാണ് മലബാര്‍ യൂണിയന്റെ തീരുമാനം. അവശ്യഘട്ടങ്ങളില്‍ പാലെത്തിക്കുന്നതിന് പ്രത്യേക സഹായ നമ്പരും വാഹനസൗകര്യവും ഏര്‍പ്പെടുത്തി.  

പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ പാലാണ് മലബാറില്‍ മാത്രം മില്‍മ ശേഖരിക്കുന്നത്. ഇതില്‍ അഞ്ച് ലക്ഷം ലിറ്റര്‍ ദിവസേന വില്‍പനയുണ്ടായിരുന്നു. കോവിഡ് 19 ന്റെ ആശങ്കയില്‍ വില്‍പന രണ്ടരലക്ഷം ലിറ്ററായി കുറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പന ഗ്രാഫും താഴോട്ടാണ്. കൂടുതല്‍ പാല്‍ കരുതലുണ്ടായിരുന്നതിനാല്‍ പാല്‍ ശേഖരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരുദിവസത്തെ നിയന്ത്രണം മില്‍മ പിന്‍വലിച്ചു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും ശേഖരിക്കുന്നതിനാണ് തീരുമാനം. അവശ്യഘട്ടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പാല്‍ വിതരണം ഉറപ്പാക്കാന്‍ മില്‍മ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്തി. ഗതാഗത തടസം മറികടക്കാന്‍ അധിക വാഹനസൗകര്യം പ്രത്യേക പോയിന്റുകളില്‍ ഏര്‍പ്പെടുത്തിയും വിതരണം സുഗമമാക്കുന്നതിനാണ് തീരുമാനം. 

ശേഖരിക്കുന്ന പാല്‍ പരമാവധി പ്രതിസന്ധി മറികടന്ന് വിപണിയിലെത്തിക്കും. മറ്റ് യൂണിയനുകള്‍ക്ക് വേണ്ടിവന്നാല്‍ കൈമാറുന്നതിനൊപ്പം അധികം വരുന്ന പാല്‍ ഇതരസംസ്ഥാനങ്ങളിലെത്തിച്ച് പാല്‍പ്പൊടിയാക്കി സംഭരിക്കുന്നതിനുമാണ് തീരുമാനം. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പാല്‍വില്‍പന തടസമില്ലാതെ തുടരാന്‍ കഴിയുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍.