അവശ്യസാധന കിറ്റുകൾ തയ്യാറാകുന്നു; അരിവിതരണം ഏപ്രിൽ ഒന്ന് മുതൽ

കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കുള്ള അവശ്യസാധനങ്ങളുടെ കിറ്റുകള്‍ തയ്യാറാക്കി തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് . ഇവ ഉടന്‍ വിതരണം ചെയ്യാനാവും.  ഏപ്രില്‍ ഒന്നാം തീയതി മുതല്‍ എല്ലാവര്‍ക്കുമുള്ള അരി വിതരണവും ആരംഭിക്കാനാണ് തീരുമാനം. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ മേല്‍നോട്ടത്തിലാവും വിതരണം

15 കിലോ അരിയും 16 ഇനങ്ങള്‍ അടങ്ങുന്ന അവശ്യസാധനങ്ങളുടെ കിറ്റുമാണ് വിതരണത്തിന് തയ്യാറാകുന്നത്. പഞ്ചസാര , പയര്‍, തുവര, വന്‍പയര്‍, ഉഴുന്ന് എന്നിവ ഒരോ കിലോവീതം,  വെളിച്ചെണ്ണ ഒരു ലീറ്റര്‍, ചായപ്പൊടി 500 ഗ്രാം എന്നിവയും ഉണ്ട്.  ആട്ട ഒരു കിലോ കിറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. പുട്ടുപൊടിയും ഒരുകിലോയാണ് ഉണ്ടാവുക. മുളക്പൊടി, മല്ലിപ്പൊടി, സാമ്പാര്‍, രസം എന്നിവയുടെ പൊടികള്‍, ഉപ്പ്, കടുക് എന്നിവയും കിറ്റിലുണ്ടാവും. കൂടാതെ നനക്കാനുപയോഗിക്കുന്ന രണ്ട് സോപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവക്കെല്ലാം കൂടി ചെലവ് ആയിരം രൂപ. സപ്്ളൈകോയുടെ വിവിധ യൂണിറ്റുകളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ കിറ്റുകള്‍ തയ്യാറാക്കി വരികയാണ് ഉടന്‍വിതരണം ആരംഭിക്കാനാവും. അരോഗ്യവകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തിലാവും വിതരണം. കിറ്റുകള്‍ വേണ്ടസുരക്ഷാ ക്രമീകരണങ്ങളോടെ വീടുകളിലെത്തിക്കും. എല്ലാ റേഷന്‍കാര്‍ഡുകാര്‍ക്കുമുള്ള അരിവിതരണം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഈമാസം ഇത് വരെ 75 ശതമാനം കാര്‍ഡ് ഉടമകളും റേഷന്‍വാങ്ങിയിട്ടുണ്ട്. സംസഥാനത്തെ എല്ലാ കുടുംബങ്ങളിലും പലവ്യഞ്ജന കിറ്റ് എത്തിക്കുന്നത് സംബന്ധിച്ച് എത്രമെട്രിക്ക് ടണ്‍സാധനങ്ങള്‍വേണ്ടിവരും എന്ന കണക്ക് എടുത്ത് വരികയാണ്. ചരക്ക് നീക്കം വളരെ പതുക്കെയായതിനാല്‍ , വന്‍കിട വ്യാപാരികളുടെ സഹായം കൂടി തേടുന്നതും ആലോചനയിലാണ്. ഇത്കൂടാതെ ആശുപത്രികള്‍, പൊതു എസൊലേഷന്‍ കേന്ദ്രങ്ങള്‍, സഹായിക്കാനാരുമില്ലാത്തവരുടെ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണ വിതരണവും സര്‍ക്കാരിന്‍റെ ചുമതലയിലാണ്. കമ്മ്യൂണിറ്റി കിച്ചനുകളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.