കുമാരമംഗലത്തും കോവിഡ്; റൂട്ട് മാപ് പുറത്തുവിട്ടു

തൊടുപുഴ കുമാരമംഗലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ദുബായില്‍  നിന്ന്  ഈ മാസം ഇരുപതിനെത്തി വീട്ടില്‍  നിരീക്ഷണത്തിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 

മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു.  ഇതിനു പുറമേയാണ് ഇപ്പോൾ കുമാരമംഗലം സ്വദേശിക്കും രോഗമുണ്ടെന്നു കണ്ടെത്തിയത്.  ഈ മാസം 19 നാണ് ഇയാൾ ഗൾഫിൽ നിന്നു മടങ്ങിയെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പധികൃതരുടെ നിർദേശ പ്രകാരം  വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു  തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി.  അതിജാഗ്രതയിലാണ്  ജില്ലയെന്ന് കലക്ടര്‍.

മാര്‍ച്ച്  19 ന് ദുബായ്–കൊച്ചി സ്പൈസ് ജെറ്റ് വിമാനത്തിൽ, ദുബായിൽ നിന്നു കൊച്ചിയിലേക്ക് യാത്ര ചെയ്തവർ ആരോഗ്യവകുപ്പില്‍ വിവരമറിയിക്കണം. അതേ സമയം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അനാവശ്യമായി യാത്രചെയ്താലും കൂട്ടംകൂടിയാലും കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി