കെണിയിൽ കുട്ടികളും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; തലപ്പത്ത് മലയാളി: അന്വേഷണം

മലപ്പുറം ജില്ലയിലും പുറത്തും വിവിധ ഇടങ്ങളിലായി പ്രായപൂർത്തിയാകാത്ത മലയാളിപ്പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കുന്നതായി, ഏതാനും ദിവസം മുൻപ് രക്ഷപ്പെടുത്തിയ ഇതരസംസ്ഥാന പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുതൽ കേരളം വരെ നീളുന്ന ശൃംഖലയ്ക്ക് നേതൃത്വം നൽകുന്നതും മലയാളി തന്നെ. ഏറെപ്പേർ ഉൾപ്പെട്ട ശൃംഖലയിലെ മലയാളികളിൽ ഒരാളെയും 2 ഇടനിലക്കാരെയും അറസ്റ്റ് ചെയ്തിടത്തുനിന്ന് അന്വേഷണം മുന്നോട്ടു പോയിട്ടില്ല.

ഇതരസംസ്ഥാനങ്ങളിൽനിന്ന് അവിടെയുള്ളവരുടെ സഹായത്തോടെ എത്തിക്കുന്ന കുട്ടികൾക്കു പുറമേ, കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയും വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നു. ചൈൽ‌ഡ്‌ലൈൻ രക്ഷപ്പെടുത്തിയ കുട്ടികളിൽനിന്ന് നിർണായക തെളിവുകൾ അടങ്ങിയ മൊബൈൽ ഫോണുകൾ കണ്ടെടുത്തെങ്കിലും അത് പ്രയോജനപ്പെടുത്തി അന്വേഷണമുണ്ടായിട്ടില്ല. ആദ്യത്തെ കുട്ടിയെ രക്ഷപ്പെടുത്തി കേസെടുത്ത് 10 ദിവസം പിന്നിട്ടിട്ടും കുട്ടികളുടെ പ്രായം തെളിയിക്കാനുള്ള രേഖകൾ ശേഖരിക്കാൻ പോലും കഴിഞ്ഞിട്ടില്ല.

യൂണിഫോം ധരിച്ച കുട്ടികളെ പീഡനക്കേസിലുൾപ്പെട്ടവർക്കൊപ്പം കാണാറുണ്ടെന്നാണ് പെൺകുട്ടികളുടെ മൊഴി. എടരിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽനിന്ന് സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ കുട്ടികൾ സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ടെന്നു സൂചന ലഭിച്ചിരുന്നു. ഇപ്പോൾ സംരക്ഷണകേന്ദ്രത്തിലുള്ള പെൺകുട്ടികളെ കേരളത്തിലെത്തിച്ച 2 സ്ത്രീകൾ മലപ്പുറം വിട്ടിട്ടില്ലെന്നാണ് വിവരം.

മൊഴിയെടുക്കാൻ ദ്വിഭാഷികളില്ല

പീഡനത്തിന് ഇരയാകുന്നവരുൾപ്പടെയുള്ള കുട്ടികളെ സഹായിക്കാനും നിയമനടപടികൾ പൂർത്തിയാക്കാനും ദ്വിഭാഷികളെ സജ്ജരാക്കാതെ ജില്ലാ ബാലസംരക്ഷണ യൂണിറ്റ് (ഡിസിപിയു). കഴിഞ്ഞ ദിവസം പീഡനത്തിൽനിന്ന് രക്ഷിച്ച അസം പെൺകുട്ടികളുടെ മൊഴിയെടുക്കുന്നതും അന്വേഷണത്തിനായി വിവരങ്ങൾ ശേഖരിക്കുന്നതും ദ്വിഭാഷിയില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. ദ്വിഭാഷികളുടെയും ഭാഷാവിഗ്ധരുടെയും പട്ടിക തയാറാക്കി സൂക്ഷിക്കേണ്ടത് ഡിസിപിയു ആണ്. ‌വർഷങ്ങൾക്കു മുൻപുള്ള ഹിന്ദി, തമിഴ് ഭാഷാവിദഗ്ധർ മാത്രമാണ് പട്ടികയിൽ ഇപ്പോഴുള്ളത്. സിഡബ്ല്യുസി അതൃപ്തി അറിയിച്ചതോടെ പട്ടിക പുതുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.