ഇതരസംസ്ഥാനകാരന് ക്രൂര മർദനം; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് ഇതരസംസ്ഥാനകാരനെ മർദിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. ഒളിവിലായിരുന്ന സുരേഷിനെ മുക്കോലയിൽ നിന്നാണ് പിടികൂടിയത്. ഓട്ടോറിക്ഷ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്തതിനാണ് ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെ സുരേഷ് ക്രൂരമായി പൊതുസ്ഥത്ത് വച്ച് മര്‍ദിച്ചത്.  

ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ വന്ന അന്യസംസ്ഥാനക്കാരനായ ഗൗതമിനെയാണ് പൊതു സ്ഥലത്ത് വച്ച് ഓട്ടോ ഡ്രൈവറായ സുരേഷ് മർദിച്ചത്. കടല എന്ന് വിളിപ്പേരുള്ള സുരേഷ് ഓട്ടോറിക്ഷ  പിന്നിലേക്ക് എടുത്തപ്പോൾ  ഗൗതമിന്റെ ദേഹത്ത് തട്ടി.  ഗൗതം ഇത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. തുടർന്ന് ഒളിവിൽപോയ സുരേഷിനെ മുക്കോലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.  

സുരേഷ് തന്റെ തിരിച്ചറിയൽ കാർഡ് കാണിച്ച് താൻ മുക്കോല സ്വദേശിയാണെന്ന് പറയുന്നതും ഗൗതമിന്റെ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിനുശേഷം ഗൗതമിന്‍റെ കാർഡ് പിടിച്ചു വാങ്ങിയ സുരേഷ്  പൊലീസ് സ്റ്റേഷനിൽ വന്നു വാങ്ങാൻ ആക്രോശിക്കുകയും  അസഭ്യ വർഷം നടത്തുകയും ചെയ്തിരുന്നു. മുമ്പും സുരേഷിനെതിരെ ക്രിമിനൽ കേസുകളുണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പും ഒരു ഇതരസംസ്ഥാന തൊഴിലാളിയെ സുരേഷ് മര്‍ദിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഗൗതമിന്റെ പരാതിയുടെ അടിസ്താനത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സുരേഷ് ഒളിവിലെന്നാണെന്നാണ്  വിവരം. സുരേഷ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.