ലിഫ്റ്റ് തകരാറിലായിട്ട് 3 മാസം; വലഞ്ഞ് രോഗികൾ; നടപടിയില്ല

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ്  തകരാറിലായി മൂന്നു മാസം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. പടി കയറാൻ വയ്യാത്ത രോഗികളെ നാലാം  നിലവരെ  എടുത്ത് കയറ്റേണ്ട ഗതികേടിലാണ് ഒപ്പമുള്ളര്‍. കാലപ്പഴക്കം ചെന്ന ലിഫ്റ്റ് മാറ്റി, പകരം പുതിയതു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.  

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഈ ലിഫ്റ്റിന് 15 വർഷത്തോളം പഴക്കമുണ്ട്. ഇടയ്ക്കിടെ തകരാറിലാകും,  നന്നാക്കിയാലും ദിവസങ്ങൾക്കകം വീണ്ടും  കേടാകും. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനാൽ  പടി കയറാൻ വയ്യാത്ത രോഗികളെ കസേരയിലും സ്ട്രെച്ചറിലും  എടുത്തു കൊണ്ടാണ് മുകളിലത്തെ നിലകളിലേക്കു കൊണ്ടു പോകുന്നത്. രോഗികളായി എത്തുന്നവരെ ആശുപത്രി ജീവനക്കാർക്ക് ഒപ്പം ബന്ധുക്കളും മറ്റും  ചേർന്നാണ് മുകൾ നിലയിലേക്ക് എടുത്തു കയറ്റുന്നത്. 

ഡയാലിസിസിനു എത്തുന്ന രോഗികൾക്കും  ഈ ലിഫ്റ്റാണ് ഏക ആശ്രയം. ലിഫ്റ്റ് പ്രവർത്തിക്കാത്ത സമയങ്ങളിൽ, രോഗികളെ ബന്ധുക്കൾ കസേരയിൽ ഇരുത്തി ചുമന്ന് ആണ് നാലാം നിലയിലുള്ള ഡയാലിസിസ് യൂണിറ്റിൽ എത്തിക്കുന്നത്.   അത്യാഹിത വിഭാഗത്തിൽ നിന്നു രോഗികളെ വാർഡുകളിലേക്കു മാറ്റാനും  ലിഫ്റ്റ് ആവശ്യമാണ്.

ലിഫ്റ്റ് നന്നാക്കുന്നതിന്  ജില്ല പഞ്ചായത്ത്  10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പണികൾ നടന്നു വരികയാണെന്ന് അധികൃതർ പറയുന്നു. എന്നാൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിലും തുക ഇത് നന്നാക്കുന്നതിന്  ചെലവാക്കിയിട്ടുണ്ട് എന്ന് വ്യക്തം.