എയർഇന്ത്യ വലിയ വിമാനസർവീസ് പുനരാരംഭിച്ചു; കരിപ്പൂരിന് വീണ്ടും പ്രതീക്ഷ

കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യയുടെ വലിയ വിമാന സർവീസ് പുനരാംരംഭിച്ചു. 423 യാത്രക്കാരുമായി ജിദ്ദയിൽ നിന്നെത്തിയ ആദ്യ വിമാനം സ്വീകരിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കം ജനപ്രതിനിധികളും എത്തിയിരുന്നു. 

രാവിലെ കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. വാദ്യഘോഷങ്ങളോടെയാണ് ആദ്യമെത്തിയ യാത്രക്കാരെ വരവേറ്റത്. റൺവേ നവീകരണത്തിന്റെ ഭാഗമായി 2015ല്‍ നിർത്തിവെച്ച സർവീസാണ് എയർഇന്ത്യ പുനരാരംഭിച്ചത്. ജംബോ ബോയിങ് 747-400 വിമാനം ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. 

എം.പി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, പി.വി. അബ്ദുല്‍ വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും എത്തിയിരുന്നു. നെടുമ്പാശേരിയിൽ നിന്ന് നടത്തിയിരുന്ന രണ്ട് സർവീസുകളാണ് കരിപ്പൂരിലേക്ക് മാറ്റിയത്. രാവിലെ 7.05 ന് എത്തുന്ന ജംബോ വിമാനം യാത്രക്കാരുമായി വൈകിട്ട് 5. 30ന് ജിദ്ദയിലേക്ക് മടങ്ങും. രാത്രി 9. 15ന് ജിദ്ദയിൽ എത്തും. 423 പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിൽ 20 ടൺ ചരക്കും കയറ്റാം. ഇതോടെ കരിപ്പൂർ വഴിയുള്ള ഇറക്കുമതിയും കയറ്റുമതിയും വർധിക്കും. നവീകരണത്തിന്റെ ഭാഗമായി നിർത്തിവെച്ച എമിറേറ്റ്സിന്റെ വലിയ വിമാന സർവീസും വൈകാതെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്