സിഎജിക്കെതിരെ സർക്കാർ; സഭയിലെത്തും മുമ്പ് ചോർന്നെന്ന് ചീഫ് സെക്രട്ടറി

ഡി.ജി.പിക്കെതിരെ ഉള്‍പ്പടെ ഗുരുതരവീഴ്ചകള്‍ കണ്ടെത്തിയ സിഎജിക്കെതിരെ സര്‍ക്കാര്‍. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുന്‍പ് ചോര്‍ന്നെന്ന് സംശയം ഉന്നയിച്ച ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാ‌യി ചിത്രീകരിക്കുന്നത് നല്ല കീഴ് വഴക്കമല്ലെന്നും പറഞ്ഞു. അതേസമയം റിപ്പോര്‍ട്ടിന്‍മേല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദീകരണം നല്‍കുമെന്നും ആവശ്യമെങ്കില്‍ തുടര്‍പരിശോധനയും തിരുത്തലുമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സി.എ.ജി റിപ്പോര്‍ട്ടിനെ തന്നെ സംശയത്തിന്റ നിഴലില്‍ നിര്‍ത്തിയാണ് ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍. സാധാരണഗതിയിൽ സഭയിൽ വച്ച ശേഷമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നത്. എന്നാൽ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോർട്ടിലെ  വിവരങ്ങൾ പുറത്തായി. ഇത് സംശയത്തിന് ഇട നല്‍കുന്നൂവെന്നാണ് ചീഫ് സെക്രട്ടറിയുടെ ആരോപണം. വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് സി.എ.ജിയുടെ ചുമതലയാണ്. റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. അതിന് അനുസരിച്ച് വകുപ്പുകളെല്ലാം വിശദീകരണം നല്‍കുമെന്നും തുടർ പരിശോധനയും ആവശ്യമെങ്കിൽ തിരുത്തൽ നടപടികളും ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ പൊലീസിലെ കണ്ടെത്തുകളേക്കുറിച്ചുള്ള വിവാദങ്ങളില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ പിന്തുണച്ചും ചീഫ് സെക്രട്ടറി രംഗത്തെത്തി. 

റിപ്പോര്‍ട്ടിന്റ മറപിടിച്ച്  ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല. റിപ്പോർട്ടിലില്ലാത്ത കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തീർത്തും ദൗർഭാഗ്യകരമാണ് എന്നുമാണ് വിമര്‍ശനം. സംസ്ഥാന ചീഫ് സെക്രട്ടറി പൊലീസ് വകുപ്പിൻറെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനും മറന്നില്ല. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയിൽ ചീഫ് സെക്രട്ടറിക്ക് ഏത് വകുപ്പിൻറെ വാഹനം ഉപയോഗിക്കാനും അവകാശമുണ്ടെന്നും അത് നിയമവിരുദ്ധമല്ലെന്നുമാണ് നിലപാട്. സി.എ.ജി റിപ്പോര്‍ട്ടിനെ അവഗണിച്ച് വിവാദങ്ങളുടെ മുനയൊടിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയററ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ആദ്യ പ്രതികരണം.